സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി. ഫൈറ്റര്‍ ജെറ്റുകളും മിസൈല്‍ സംവിധാനങ്ങളും റഷ്യയില്‍ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്തിയതാണു ചൈനയെ ചൊടിപ്പിച്ചത്. സംഭവത്തില്‍ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎസ് പ്രത്യാഘാതം ‘അനുഭവിക്കേണ്ടി’ വരുമെന്നും ചൈന വ്യക്തമാക്കി. ഇരുവിഭാഗവും തമ്മിലുള്ള ‘സംഘര്‍ഷം’ ശക്തമായ സാഹചര്യത്തില്‍ വാഷിങ്ടനിലേക്കു പ്രതിനിധിയെ അയയ്ക്കാനിരുന്ന തീരുമാനവും ചൈന റദ്ദാക്കി. ചൈനീസ് ഉല്പന്നങ്ങള്ക്ക് ഡോണള്‍ഡ് ട്രംപ് ഭരണകൂടം കനത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയ്ക്കു ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ വേണ്ടിയായിരുന്നു ചൈനീസ് ഉപ പ്രധാനമന്ത്രി ലിയോ ഹായെ യുഎസിലേക്കയ്ക്കാന്‍ ചൈന തീരുമാനിച്ചത്.
ഇതിനിടെ ചൈനീസ് സൈനിക വിഭാഗത്തിലെ എക്യുപ്മെന്റ് ഡവലപ്മെന്റ് ഡിപാര്‍ട്ട്മെന്റിനും (ഇഡിഡി) അതിന്റെ തലവന്‍ ലി ഷാങ്ഫുവിനും യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. റഷ്യയുടെ പ്രധാന ആയുധ കയറ്റുമതിക്കാരുമായി ‘നിര്‍ണായക ഇടപാട്’ ഷാങ്ഫുവിന്റെ വകുപ്പ് നടത്തിയതാണ് യുഎസിന്റെ നീക്കത്തിനു കാരണം.
റഷ്യയില്‍ നിന്ന് സുഖോയ് എസ്യു35 ഫൈറ്റര്‍ ജെറ്റുകളും ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് അയയ്ക്കാവുന്ന എസ്–400 മിൈസലുകളും വാങ്ങാനായിരുന്നു ഇഡിഡി തീരുമാനം. ചൈനീസ് പ്രതിരോധ വകുപ്പിനു കീഴിലാണ് ഇഡിഡി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ റഷ്യയുടെ മേല്‍ യുഎസ് ചുമത്തിയിരിക്കുന്ന ഉപരോധത്തെ ഖണ്ഡിക്കുന്നതാണു ചൈനീസ് തീരുമാനമെന്നാണ് അമേരിക്കയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല