സ്വന്തം ലേഖകന്‍: പായ്വഞ്ചിയിലെ ലോകപര്യടനത്തിനിടെ അപകടം; പരുക്കേറ്റ് അനങ്ങാന്‍ കഴിയാത്ത മലയാളി നാവികന് സഹായമെത്തിക്കാന്‍ നാവികസേന. അപകടത്തില്‍പ്പെട്ട നാവികന് അഭിലാഷ് ടോമിക്ക് സഹായവുമായി വിമാനം. നാവികസേനയുടെ പി81 വിമാനം മൗറീഷ്യസിലെത്തി.
ഇവിടെ നിന്ന് വൈകാതെ അഭിലാഷിന്റെ അടുത്തേക്ക് തിരിക്കും. അടിയന്തര മരുന്നുകള്‍, ഭക്ഷണം എന്നിവ പായ് വഞ്ചിയിലെത്തിക്കുകയാണ് ലക്ഷ്യം. പായ്മരം വീണ് നടുവിന് പരിക്കേറ്റ് അഭിലാഷിന് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.
വഞ്ചിയിലുള്ള സാറ്റ്ലൈറ്റ് ഫോണ്‍ ഉള്‍പ്പെടുന്ന കിറ്റ് എടുക്കാനും അഭിലാഷിനായിട്ടില്ല. പരിക്കുമൂലം അനങ്ങാന്‍ ആവുന്നില്ലെന്നും സ്ട്രെച്ചര്‍ വേണമെന്നും അഭിലാഷ് സന്ദേശമയച്ചു. ശക്തമായ കാറ്റില്‍ പായ്വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേല്‍ക്കുകയായിരുന്നു.
എഴുന്നേല്ക്കാന് കഴിയാത്ത സ്ഥിതിയിലാണെങ്കിലും അഭിലാഷ് സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. നാവികസേനയില്‍ കമാന്‍ഡറാണ് മുപ്പത്തിയൊന്പതുകാരനായ അഭിലാഷ്. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഇതില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല