സ്വന്തം ലേഖകന്‍: എച്ച്1ബി വീസക്കാരുടെ പങ്കാളികള്‍ക്കുള്ള എച്ച് 4 വീസ റദ്ദാക്കല്‍ മൂന്നു മാസത്തിനകം; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും. എച്ച് 4 വീസാ സമ്പ്രദായം നിര്‍ത്തലാക്കാനുള്ള തീരുമാനം അടുത്ത മൂന്നു മാസത്തിനകം നടപ്പാക്കുമെന്നു ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയെ അറിയിച്ചു. എച്ച്1ബി വീസക്കാരുടെ പങ്കാളിക്കും മക്കള്‍ക്കും അനുവദിക്കുന്നതാണ് എച്ച് 4 വീസ.
ഇത് ഇല്ലാതാക്കാനുള്ള നീക്കം യുഎസ് തൊഴില്‍മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കൊളംബിയ കോടതിയിലുള്ള ഹര്ജിയിന്മേലാണു സര്‍ക്കാര്‍ പ്രതികരണം അറിയിച്ചത്. മൂന്നു മാസത്തിനകം നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയാകുമെന്നും അതുവരെ ഈ വിഷയത്തില്‍ തീരുമാനമെടുക്കരുതെന്നും ട്രംപ് ഭരണകൂടം കോടതിയോട് അഭ്യര്‍ഥിച്ചു.
വിലക്ക് നിലവില്‍ വന്നാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. എച്ച്4 വിസയിലൂടെ യുഎസിലേക്ക് കുടിയേറിയ നിരവധി ഇന്ത്യക്കാരെയാണ് തീരുമാനം ബാധിക്കുക. ഒബാമ ഭരണകാലത്ത് എച്ച് 1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് യു.എസിലേക്ക് കുടിയേറ്റം നടത്താനുള്ള എളുപ്പ വഴിയായിരുന്നു എച്ച്4 വിസ നയം.
പുതിയ നീക്കം ജോലിയുള്ള 71,000ത്തില്‍ അധികം ആളുകളെ ബാധിക്കും. ഇതില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ തൊഴിലാളികളാണെന്ന് അമേരിക്കയിലെ കുടിയേറ്റനയ സ്ഥാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളാണ് ഇതില്‍ അധികവും. 2017 ഡിസംബര്‍ 25 വരെയുള്ള കണക്കു നോക്കിയാല്‍ ആകെ ഒരു ലക്ഷത്തിലേറെപ്പേരാണ് എച്ച്4 വിസ നേടിയെടുത്തിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല