സ്വന്തം ലേഖകന്‍: അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് സമ്പ്രദായത്തിനും മരണമണി; യുഎസ് സര്‍ക്കാരിന്റെ സഹായം കൈപറ്റുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കരുതെന്ന് ശുപാര്‍ശ. ഭക്ഷണമായോ പണമായോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നവര്‍ക്കും സ്വീകരിച്ചിട്ടുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡ് നിഷേധിക്കണമെന്ന ശുപാര്‍ശ ആഭ്യന്തര സുരക്ഷാ (ഡി.എച്ച്.എസ്.) സെക്രട്ടറി വെള്ളിയാഴ്ച ഒപ്പിട്ടു. കോണ്‍ഗ്രസ് പാസാക്കിയാല്‍ ഇതു നിയമമാകും.
നിയമപരായി കുടിയേറുന്നവരെ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ടനിയമം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഏപ്രിലിലെ കണക്കനുസരിച്ച് 6,32,219 ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് വിസച്ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്ന ട്രംപ് സര്‍ക്കാരിന്റെ നടപടിയില്‍ എറ്റവും പുതിയതാണ് നിര്‍ദിഷ്ട നിയമം.
തൊഴില്‍വിസയില്‍ യു.എസിലെത്തുന്നവരുടെ ഭാര്യമാര്‍ക്ക് അവിടെ ജോലിചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്4 വിസ മൂന്നുമാസത്തിനകം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രീന്‍ കാര്‍ഡിലും സര്‍ക്കാര്‍ പിടിമുറുക്കുന്നത്. ഇതിനെതിരേ ഐ.ടി. വ്യവസായമേഖലയും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. യു.എസിലെ താമസം നീട്ടാനോ വിസയുടെ പദവി മാറ്റാനോ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും പറ്റുന്നില്ലെന്ന് തെളിയിക്കണം.
യു.എസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് നിര്‍ദിഷ്ടനിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.എച്ച്.എസ്. സെക്രട്ടറി ക്രിസ്റ്റ്യന്‍ നീല്‍സന്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് ബാധ്യതയാവില്ലെന്ന് ഉറപ്പിക്കുകയാണ് ഉദ്ദേശ്യം. നിര്‍ദിഷ്ടനിയമം സുതാര്യമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുന്നെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല