1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

സ്വന്തം ലേഖകന്‍: ‘കടലോളം നന്ദി’, സുഖം പ്രാപിക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ചിത്രം നാവികസേന പുറത്തുവിട്ടു; അഭിലാഷിനെ കൂടുതല്‍ ചികിത്സക്കായി മൊറീഷ്യസിലേക്കു മാറ്റിയേക്കും. സാഹസിക പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ പായ്മരം ഒടിഞ്ഞുവീണ് പരിക്കേറ്റ അഭിലാഷിനെ കഴിഞ്ഞ ദിവസമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. അപകടം സംബന്ധിച്ച കാര്യങ്ങള്‍ സേനയിലെ ഉദ്യോഗസ്ഥരുമായി ഫോണിലൂടെ ഇദ്ദേഹം പങ്കുവെച്ചു. ഇതിനുശേഷമാണ് അഭിലാഷിന്റെ സന്ദേശം ട്വിറ്ററില്‍ പങ്കുവെച്ചത്.

‘അവിശ്വസനീയമാംവണ്ണം പ്രക്ഷുബ്ധമായിരുന്നു കടല്‍. പ്രകൃതിയുടെ താണ്ഡവം ഞാനും എന്റെ വഞ്ചി ‘തുരിയ’യും ശരിക്കും അനുഭവിച്ചു. രക്ഷപ്പെട്ടത് തുഴച്ചിലില്‍ എനിക്കുള്ള കഴിവുകൊണ്ടു മാത്രം. എന്റെയുള്ളിലെ നാവികനും സേനയില്‍നിന്ന് എനിക്കുകിട്ടിയ പരിശീലനവുമാണ് യഥാര്‍ഥത്തില്‍ തുണയായത്. ഇന്ത്യന്‍ നാവികസേനയോടും എന്നെ രക്ഷിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ട്,’ അഭിലാഷ് പറയുന്നു.

നേവല്‍ സ്റ്റാഫ് ഉപമേധാവി വൈസ് അഡ്മിറല്‍ അജിത് കുമാറാണ് അഭിലാഷുമായി സംസാരിച്ചത്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണെന്നും അഭിലാഷ് അതിവേഗം സുഖം പ്രാപിക്കുകയാണെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ചികിത്സയില്‍ക്കഴിയുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആംസ്റ്റര്‍ഡാം ദ്വീപില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. സത്പുര വ്യാഴാഴ്ചയെത്തും.

ഇന്ത്യന്‍ സേനയുടെ സാന്നിധ്യമുള്ള മൗറീഷ്യസിലേക്ക് അഭിലാഷിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് നാവികസേന അറിയിച്ചു. ആംസ്റ്റര്‍ഡാമില്‍ വിമാനത്താവളമില്ലാത്തതിനാല്‍ സത്പുരയിലാണ് അദ്ദേഹത്തെ മൗറീഷ്യസിലേക്ക് കൊണ്ടുപോവുക. ഓസ്‌ട്രേലിയയിലേക്കോ റീയൂണിയന്‍ ദ്വീപുകളിലേക്കോ അഭിലാഷിനെ മാറ്റുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.