സ്വന്തം ലേഖകന്‍: പത്തടിയിലേറെ ഉയരത്തില്‍ രാക്ഷസത്തിരകള്‍; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വന്‍ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.7 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.
തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം.
ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു ഇവിടെ സുനാമിയുണ്ടായത്. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് കുതിച്ചെത്തി. ദുരന്തത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല