സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു. തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നതോടെ കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
യക്കുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പെയ്യുന്നത്. കടല്‍ത്തിരമാലകളുടെ ഉയരവും കാറ്റിന്റെ വേഗവും റെക്കോര്‍ഡാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ക്കു കനത്ത ജാഗ്രതാ നിര്‍ദേശവുമുണ്ട്. ഗതാഗത സംവിധാനത്തെ ഇതിനോടകം ‘ട്രാമി’ ബാധിച്ചു കഴിഞ്ഞു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വീസുകളെയെങ്കിലും ബാധിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും സര്‍വീസ് നടത്തുന്നില്ല.
ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കനത്ത കാറ്റില്‍ കാറുകള്‍ ഉള്‍പ്പെടെ ചുഴറ്റിയെറിയപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിര്‍ദേശിച്ചു.
മൂന്നു ലക്ഷം വീടുകളില്‍ നിലവില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത് ട്രാമി ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല