സ്വന്തം ലേഖകന്‍: യുകെയില്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി തെരേസാ മേയ് സര്‍ക്കാര്‍; ഉപയോഗത്തിന് സമയപരിധി ഏര്‍പ്പെടുത്താന്‍ നീക്കം. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗ സമയപരിധി ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ഹെല്‍ത്ത് സെക്രട്ടറി നിര്‍ദേശിച്ചു.
സേഫ് ആല്‍ക്കഹോള്‍ ലിമിറ്റ്‌സിന് സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള സുരക്ഷിത സമയപരിധികള്‍ നിശ്ചയിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഉത്തരവിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചോര്‍ത്ത് ഒരു പിതാവെന്ന നിലയില്‍ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നാണ് ഹാന്‍ കോക്ക് പ്രതികരിച്ചിരിക്കുന്നത്.
ഇക്കാരണത്താലാണ് സുരക്ഷിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള സമയപരിധിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ താന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാല്ലി ഡേവീസിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സോഷ്യല്‍ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പിതാവെന്ന നിലയില്‍ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബെര്‍മിംഗ്ഹാമില്‍ വച്ച് നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിന്റെ മുന്നോടിയായി ദി ഒബ്‌സര്‍വറിനോട് സംസാരിക്കുകയായിരുന്നു ഹാന്‍കോക്ക്. യാതൊരു നിയന്ത്രണവുമില്ലാതെ ചെറിയ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുമെന്നാണ് ഹാന്‍കോക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല