സ്വന്തം ലേഖകന്‍: ‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്. ഉത്തര കൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും മറ്റു രാഷ്ട്രങ്ങളുടെയും നോട്ടപ്പുള്ളിയായ കിമ്മിനെ യുഎന്നിലും ട്രംപ് പുകഴ്ത്തിയിരുന്നു. അസാധാരണമായ കത്ത് കിമ്മില്‍ നിന്നു തനിക്കു ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഉത്തര കൊറിയന്‍ ഭരണാധികാരിയുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള നടപടികള്‍ വേഗത്തിലാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു വര്‍ഷം മുമ്പ് ട്രംപും കിമ്മും തമ്മിലുള്ള വാക്‌പോര് എല്ലാ പരിധികളും ലംഘിച്ചപ്പോള്‍ ഇരു രാഷ്ട്രങ്ങളും യുദ്ധത്തിലേക്കു കടക്കുമെന്ന് ലോകം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വച്ച് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യുഎസ് ഉത്തര കൊറിയ ചരിത്രത്തിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല