സ്വന്തം ലേഖകന്‍: സൗദിയില്‍ ഭക്ഷണശാലകളും കോഫി ഷോപ്പുകളും ഉള്‍പ്പെടെ 68 മേഖലകളില്‍ കൂടി സൗദിവത്കരണം; പതിനായിരക്കണക്കിന് പ്രാവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. പുതിയ മേഖലകളില്‍ നിതാഖാത് പ്രാബല്യത്തില്‍വന്നതോടെ നേരത്തെ മറ്റു മേഖലകളിലേക്കു മാറിയവരും ഇപ്പോള്‍ തൊഴില്‍ ഭീഷണി നേരിടുകയാണ്. ഭക്ഷണശാലകള്‍, കോഫി ഷോപ്പ്, ആരോഗ്യം, നിര്‍മാണ മേഖല, ടെലികമ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളും പുതിയ പട്ടികയിലുണ്ട്.
മൂന്നു മാസത്തിനകം ഈ മേഖലകളിലും സൗദിവത്കരണം നടപ്പാക്കുമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രിയുടെ പ്രഖ്യാപനം. നവംബര്‍, ജനുവരി മാസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായി എട്ടു വിഭാഗങ്ങളില്‍ കൂടി സൗദിവത്കരണം നടപ്പാക്കും. ഇതിനു പുറമെയാണ് പുതിയതായി 68 മേഖലകളെ കൂടി സ്വദേശിവത്കരണ പദ്ധതിക്ക് കീഴിലേക്ക് കൊണ്ടുവരുന്നത്.
അതേസമയം, മത്സ്യബന്ധന മേഖലയില്‍ മുതല്‍ സ്വദേശിവത്കരണം നിലവില്‍ വന്നു. മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സ്വദേശി ഉണ്ടായിരിക്കണമെന്നാണു പുതിയ നിബന്ധന. റസ്റ്റോറന്റ്, കോഫി ഷോപ്പ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. കേരളത്തിലേക്കുള്ള തിരിച്ചുപോക്ക് വര്‍ധിക്കുമെന്നതിനൊപ്പം ഗള്‍ഫ് പണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കേരളത്തിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഭാവിയും ഇതോടെ അനിശ്ചിത്വത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല