സ്വന്തം ലേഖകന്‍: ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വിപ്ലവകരമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിച്ച ഹോം സെക്രട്ടറി സാജിദ് ജാവീദ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. പുതിയ കുടിയേറ്റ നയം പ്രധാനമന്ത്രി തെരേസാ മേയ് ഒപ്പു വച്ചു.
ഇതോടെ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര സഞ്ചാരത്തിന് കടിഞ്ഞാണിടാനുള്ള ശ്രമങ്ങളും ചൂടുപിടിച്ചു. യൂറോപ്പില്‍ നിന്നുമുള്ള ലോസ്‌കില്‍ഡ് ജോലിക്കാരെ അധികം പ്രവേശിപ്പിക്കാത്ത തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇയു സൗജന്യ സഞ്ചാരം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് ഹോം സെക്രട്ടറി വ്യക്തമാക്കുന്നത്. പകരം സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് പരിഗണന നല്‍കുന്ന രീതിയിലേക്ക് മാറും.
ലോകത്തിന്റെ മറ്റേത് ഭാഗത്ത് നിന്നും എത്തുന്ന പൗരന്‍മാരെ പോലെയാണ് യൂറോപ്യന്‍മാരെയും പരിഗണിക്കുക. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തിലേക്ക് ഇഴുകിച്ചേരണമെന്നും ജാവിദ് മുന്നറിയിപ്പ് നല്‍കി. ‘നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തേക്ക് വന്ന് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ നല്ലത്. പക്ഷെ പകരം ഞങ്ങളുടെ ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കൊപ്പം, അവയെ ബഹുമാനിച്ച് ജീവിക്കുമെന്നാണ് പകരം പ്രതീക്ഷിക്കുന്നത്,’ ഹോം സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
ഈ നയം മാറ്റം യുകെ അതിര്‍ത്തികളുടെ നിയന്ത്രണം തിരികെ ഏറ്റെടുക്കാന്‍ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചു. ‘ദശകങ്ങള്‍ക്കിടെ ആദ്യമായി ഈ രാജ്യം നിയന്ത്രണം തിരിച്ചുപിടിക്കും, ഇവിടേക്ക് ആര് വരണമെന്ന് നമ്മള്‍ തീരുമാനിക്കും,’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര സഞ്ചാരം തടഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഇയുവില്‍ സ്വാഭാവികമായി ജോലി ചെയ്യാനും ജീവിക്കാനും നല്‍കുന്ന അവകാശം അവസാനിപ്പിക്കുമെന്നാണ് ഇയുവിന്റെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല