സ്വന്തം ലേഖകന്‍: നടന്‍ ദിലീപിനെതിരായ അച്ചടക്കനടപടി; അമ്മയുടെ ജനറല്‍ ബോഡിവരെ കാത്തിരിക്കേണ്ടിവരുമെന്ന് മോഹന്‍ലാല്‍; എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാനാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ അറിയിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുളള ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ പ്രതിനിധികള്‍ എഎംഎംഎയ്ക്ക് കത്ത് നല്‍കിയിരുന്നു. ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാനാണ് മോഹന്‍ലാല്‍ നടിമാരോട് ആവശ്യപ്പെട്ടത്.
നിയമോപദേശം അനുസരിച്ചാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് എക്‌സിക്യുട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്. എന്നാല്‍ ജനറല്‍ ബോഡി എപ്പോള്‍ വിളിച്ചുചേര്‍ക്കാനാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ബലാത്സംഗ കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവരാണ് കത്ത് നല്‍കിയത്.
സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ദിലീപിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാര്‍ നല്‍കുന്നത്. തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല