സ്വന്തം ലേഖകന്‍: പട്ടണങ്ങള്‍ ചെളി പുതപ്പിനു കീഴില്‍; ചെളിയില്‍ നിന്ന് ഉയര്‍ന്നു നില്ക്കുന്ന കൈകാലുകളും ശരീരഭാഗങ്ങളും; ഇന്തോനേഷ്യയിലെ ഭൂകമ്പവും സുനാമിയും ബാക്കിവെച്ച ഭീകര കാഴ്ച്ചകള്‍; മരണം 1500 കവിഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ആറു വരെ 1571 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പലു നഗരത്തിലാണ് ഏറ്റവുമധികം പേര് മരിച്ചത്.
എന്നാല്‍ ഇന്തോനേഷ്യയിലെ പല വിദൂര ഗ്രാമങ്ങളിലേക്കുമുള്ള റോഡുകള്‍ പുനര്‍നിര്‍മിച്ച് അവിടേക്ക് രക്ഷാസംഘം എത്തിയപ്പോള്‍ സാക്ഷ്യം വഹിച്ചത് അപൂര്‍വ ദുരന്തത്തിന്റെ കാഴ്ചകള്‍. പല പ്രദേശങ്ങളെയും ചെളി മൂടി ശ്മശാന തുല്യമാക്കിയിരിക്കുന്നു. പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും ഇന്തോനേഷ്യന്‍ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ജീവന്റെ തുടിപ്പു തേടിയിറങ്ങിയ ഫ്രഞ്ച് രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും.
സെപ്റ്റംബര്‍ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടു. മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്. മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു പ്രശ്നം. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ ഇപ്പോഴും വിശദീകരണമില്ല.
നിന്ന നില്പില് 1700ഓളം വീടുകളാണ് ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ ഏജന്‍സി പറയുന്നു. പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളര്‍ന്നു. ഈ വീടുകള്‍ക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല