സ്വന്തം ലേഖകന്‍: ‘അമേരിക്ക ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യയുണ്ട്; കൂടാതെ സൈനിക സഹായം നല്‍കുന്നുണ്ടെങ്കില്‍ അതിന് പണവും നല്‍കുന്നുണ്ട്,’ ട്രംപിന് ചുട്ട മറുപടിയുമായി സല്‍മാന്‍ രാജകുമാരന്‍. യു.എസിന്റെ സഹായമില്ലെങ്കില്‍ സൗദി രാജാവ് രണ്ടാഴ്ചയില്‍ കൂടുതല്‍ ഭരണത്തിലുണ്ടാവില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.
യു.എസ്. ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യ എന്ന രാജ്യം നിലവിലുണ്ടെന്ന് ഓര്‍ക്കണമെന്ന് ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് പറഞ്ഞു. 1744ലാണ് സൗദി അറേബ്യ രൂപവത്കരിക്കപ്പെട്ടത്. യു.എസ്. ഉണ്ടാവുന്നതിനും മുപ്പതുവര്‍ഷം മുമ്പാണത്. യു.എസില്‍ ഒബാമ പ്രസിഡന്റായിരുന്ന എട്ടുവര്‍ഷം സൗദിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മധ്യപൂര്‍വേഷ്യയില്‍ യു.എസ്. ചില നയങ്ങള്‍ നടപ്പിലാക്കി.
പലതും സൗദിയുടെ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. യു.എസ്. നയങ്ങള്‍ എതിരായിരുന്നുവെങ്കിലും സൗദിയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കായി. അതിന്റെ ഫലങ്ങളാണ് ഞങ്ങള്‍ ഇപ്പോഴും പിന്തുടരുന്നത്. ഒബാമയുടെ കീഴില്‍ യു.എസിന്റെ പല നീക്കങ്ങളും പരാജയപ്പെട്ടു. ഈജിപ്ത് അതിന് ഉദാഹരണമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഓര്‍മിപ്പിച്ചു. സൗദിയുടെ താത്പര്യങ്ങള്‍ക്ക് എതിരായി അമേരിക്ക പ്രവര്‍ത്തിച്ചാലും ഞങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.
ഏത് സുഹൃത്തും നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും പറയും. ആ കാര്യം നമ്മള്‍ അംഗീകരിക്കണം. നൂറു ശതമാനവും നല്ല കാര്യങ്ങള്‍ മാത്രമേ സുഹൃത്ത് പറയൂ എന്ന് നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരിക്കാം. അത് അങ്ങനെ സംഭവിച്ചതാകാമെന്നാണ് ഞങ്ങളുടെ വിശ്വാസം താങ്കളുടെ പിതാവിനെ കുറിച്ച് ട്രംപ് പറഞ്ഞതിനെ താങ്കള്‍ കണക്കിലെടുക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
യു.എസ്. നല്‍കുന്ന സൈനിക സഹായങ്ങളൊന്നും സൗജന്യമല്ല. അതിനെല്ലാം ഞങ്ങള്‍ അവര്‍ക്ക് പണം നല്‍കുന്നുണ്ട്. യു.എസുമായുള്ള സൗഹൃദം തുടങ്ങിയ കാലം മുതല്‍ അതിന് കൃത്യമായി സൗദി പണം നല്‍കുന്നുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് സൈനിക സഹകരണം മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കാന്‍ സൗദി ആലോചിച്ചിരുന്നു. എന്നാല്‍, ട്രംപ് വന്നതോടെ ആ നീക്കം മാറ്റി. പത്ത് വര്‍ഷത്തേക്കുകൂടി യു.എസുമായുള്ള സൈനികസഹകരണം തുടരാന്‍ ധാരണയായി.
ഇപ്പോഴത്തെ സൈനിക സഹകരണത്തിന്റെ അറുപത് ശതമാനവും യു.എസുമായാണെന്നും അദ്ദേഹം പറഞ്ഞു. 40,000 കോടി ഡോളറിന്റെ(ഏകദേശം 26.42 ലക്ഷം കോടി രൂപ) ഇടപാടാണിത്. ഇത് ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്നത് മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആയുധനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗദിയിലും യു.എസിലുമായി നടത്താമെന്നതും കരാറിലുണ്ട്. ഇത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാണ്.
എന്നാല്‍, ഈ വിവാദത്തിന് അര്‍ഥം സൗദിയും യു.എസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു എന്നല്ല. ആ ബന്ധത്തില്‍ 99 ശതമാനം നല്ലതും ഒരു ശതമാനം മോശം കാര്യങ്ങളുമാണ് ഉള്ളത്. പ്രസിഡന്റ് ട്രംപുമായി സഹകരിക്കുന്നതില്‍ വലിയ സന്തോഷമേയുള്ളൂ. കൂട്ടായ ശ്രമത്തിലൂടെ ഗള്‍ഫ് മേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭീകരവാദത്തിന് എതിരായ പ്രവര്‍ത്തനം ഇതിന് വലിയ തെളിവാണെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല