ആലുവയില്‍ വന്‍ സ്പിരിറ്റുവേട്ട. ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തനം നിലച്ച വര്‍ക്ക് ഷോപ്പില്‍ നിന്നും 8435 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇതിന് ഒരുകോടിയോളം രൂപ വിലവരും. ഓണക്കാലത്തേക്ക് വ്യാജമദ്യം നിര്‍മ്മിക്കാന്‍ കൊണ്ടുവന്നതാണ് സ്പിരിറ്റെന്ന് സംശയിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മോഡലായി ജോലിചെയ്യുന്ന യുവതിയെ അറസ്റ്റുചെയ്തു.
ഒരു ടെമ്പോ ട്രാവലര്‍, രണ്ട് കാര്‍, ഒരു സ്‌കൂട്ടര്‍, ഒരു ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പിള്ളി കരിപ്പായി വീട്ടില്‍ അശ്വനിയെന്ന സുറുമി (21) യാണ് പിടിയിലായത്.
തോട്ടക്കാട്ടുകരയ്ക്കും പറവൂര്‍ കവലയ്ക്കുമിടയിലുള്ള ഈ വര്‍ക്ക് ഷോപ്പ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നുമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ തൃശൂര്‍ ഭാഗത്തുനിന്ന് അംബാസഡര്‍ കാറിനെ പിന്തുടര്‍ന്നുവന്ന തൃശൂര്‍ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് സംഘമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
കാറിനെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം ഗോഡൗണില്‍ എത്തിയപ്പോഴേക്കും യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. വര്‍ക്ക്‌ഷോപ്പിന് എതിര്‍വശത്തെ വെയ്ബ്രിഡ്ജിലാണ് കാര്‍ കണ്ടെത്തിയത്. എസ്റ്റീം കാറിനകത്ത് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുക്കാന്‍ പണമടച്ചതിന്റെ രസീത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല