സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്. കരാറുകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കന്‍ ഉപരോധം കരാറുകള്‍ക്കു വിലങ്ങുതടിയാകില്ലെന്നും റഷ്യന്‍ അംബാസഡര്‍ നിക്കോളയ് കുദാഷേവ് പറഞ്ഞു.
അടുത്തിടെ റഷ്യയില്‍നിന്ന് എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് കരാര്‍ ഒപ്പിട്ടത്. 540 കോടി യുഎസ് ഡോളറിന്റെ ഇടപാടാണിത്. കരാര്‍ അനുസരിച്ച് 2020 മുതല്‍ ഇന്ത്യയ്ക്ക് റഷ്യ മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കിത്തുടങ്ങും.
റഷ്യയില്‍നിന്ന് ഇന്ത്യ യുദ്ധക്കപ്പല്‍, എകെ 47 തോക്കുകള്‍ എന്നിവ വാങ്ങുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും മൂന്നു മാസത്തിനുള്ളില്‍ കരാര്‍ സംബന്ധിച്ചു തീരുമാനമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ വ്യക്തമാക്കി. റഷ്യയുമായി കരാറില്‍ ഒപ്പുവച്ചാല്‍ ഇന്ത്യ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തള്ളിയാണ് ഇന്ത്യ ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്നത്.
അതേസമയം റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയ ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കുമോ ഇല്ലയോ എന്ന് താമസിയാതെ അറിയാം എന്നു ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല