ജിമ്മി മൂലക്കുന്നേല്‍ (ബിര്‍മിങ്ഹാം): വിശ്വാസജീവിതത്തിലൂടെ നന്മയുടെ പാത സ്വീകരിച്ചു നിത്യസൗഭാഗ്യം കൈവരിക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വന്‍ഷനിലൂടെയും ധ്യാനങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഒരവസരമാണ് ഇപ്പോള്‍ കവെന്‍ട്രി റീജിയണനില്‍ ഉള്ള വിശ്വാസികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. ഈ വരുന്ന ഇരുപതാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന് ബഹുമാനപ്പെട്ട ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം കൊടുക്കുന്നു. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചാപ്ലയിന്‍മാരായ ഫാദര്‍ സെബാസ്റ്റ്യന്‍ നാമത്തില്‍, ഫാദര്‍ ടെറിന്‍ മുല്ലക്കര, ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയില്‍, ഡോ: മനോ എന്നിവര്‍ക്കൊപ്പം സംഘാടകസമിതിയും ചേര്‍ന്ന് കവെന്‍ട്രി റീജിയണല്‍ തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
‘വിരിയുവാന്‍ വെമ്പുന്ന മുട്ടയുടെ ഉള്ളില്‍ പിറക്കുവാന്‍ കൊതിക്കുന്ന ഒരു ജീവന്‍ ഒളിഞ്ഞു കിടപ്പുണ്ട്’, ‘അഴിയുവാന്‍ തുടങ്ങുന്ന ധാന്യത്തിന്റെ ഉള്ളില്‍ അനേകര്‍ക്ക് തണല്‍ ആകേണ്ട ഒരു മരത്തിന്റെ ആഗ്രഹം മറഞ്ഞു കിടപ്പുണ്ട്’ എന്നപോലെ മനുഷ്യമനസ്സുകളില്‍ ഉള്ള നന്മയെ വെളിച്ചത്തേക്കെത്തിക്കുവാന്‍, നല്ല ജീവിതത്തിലേക്ക് നയിക്കുവാന്‍ ഇത്തരം ധ്യാനങ്ങള്‍ക്ക് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ ലോകത്തില്‍ ‘മാറ്റമില്ലാത്തത് മാറ്റത്തിന്’ മാത്രമാണ്. മാറ്റം അത് ഓരോ ജീവിതത്തിലും സംഭവിക്കേണ്ട, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് ഉള്ള പ്രയാണത്തിലാണ് ഓരോ മനുഷ്യ ജീവിതവും. ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, അനിവാര്യമായ മാറ്റമെന്ന പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ആ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ നമുക്കു സാധിക്കുകയുള്ളു.ഓരോ പ്രവാസജീവിതവും ഒരു പലായനമാണ് അതോടൊപ്പം ഒരു മാറ്റവുമാണ്. എല്ലാം വിട്ടെറിഞ്ഞു പോകുന്ന ദു:ഖകരമായ കാഴ്ച അതിനുണ്ട്. അതിലെ ഭാഷയും ശരീര ചലനവും പശ്ചാത്തലവും അഭയാര്‍ഥികളുമായി തികച്ചും ചേരുന്നുണ്ട്. പ്രവാസ ജീവിതത്തിലെ ശിഥിലമായ തെളിച്ചത്തില്‍ നിന്നും ആശ്വാസത്തിന്റെ ഇളംകാറ്റ് വരുമെന്ന് വിശ്വസിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. ആ വിശ്വാസം നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. അതോടൊപ്പം നമ്മുടെ കുടുംബവും കുട്ടികളും… അവരുടെ നല്ല നാളെക്കായി കഠിനപ്രയഗ്‌നം നടത്തുന്ന നമ്മള്‍ മലയാളികള്‍… വ്യത്യസ്ഥങ്ങളായ സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന മക്കളുടെ ജീവിതം നേര്‍ വഴിക്ക് തിരിച്ചുവിടാന്‍ കണ്‍വെന്‍ഷനുകള്‍ക്ക് സാധിക്കും എന്ന് തിരിച്ചറിയുക…
കേട്ടറിഞ്ഞ ക്രിസ്തുവിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുടെ സാക്ഷ്യം നമുക്കോരോരുത്തര്‍ക്കും പങ്കുവയ്ക്കുവാന്‍ ഉണ്ടാകും. നമ്മുടെ പഴയകാല ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് കടന്നുവന്നിരിക്കുന്ന നമ്മില്‍ ഓരോരുത്തരിലും ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സന്തോഷം എന്നും നിലനിര്‍ത്തുവാന്‍ നമുക്കു കഴിയണം. തന്നെ മൂടിയിരുന്ന മുട്ടത്തോടിനുള്ളിലേക്ക് കോഴിക്കുഞ്ഞിന് വീണ്ടും പ്രവേശിക്കുവാന്‍ കഴിയാത്തതുപോലെ, തന്നെ പൊതിഞ്ഞിരുന്ന ധാന്യമണിയുടെ ഉള്ളില്‍ വീണ്ടും കയറിപ്പറ്റുവാന്‍ വന്‍മരത്തിനു സാധിക്കാത്തതുപോലെ, നമ്മുടെ ആ പഴയ ജീവിതസാഹചര്യങ്ങളിലേക്ക് ഒരിക്കലും തിരികെ പോകുവാന്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യത്തെ കെടാതെ ഉള്ളില്‍ സൂക്ഷിക്കുവാന്‍ ധ്യാനങ്ങള്‍ നമുക്ക് ശക്തി തരും.
ലോകത്തിന്റെ ചിന്തകള്‍ മാടിവിളിക്കുമ്പോള്‍ അവയോടൊക്കെ ‘എനിക്കൊരു ക്രിസ്തു ഉണ്ട്’ എന്ന് ഉറക്കെവിളിച്ചുപറയുവാനുള്ള ആത്മധൈര്യം പ്രവാസജീവിതത്തില്‍ നേടിയെടുക്കാന്‍ ഈ മാസം ഇരുപതാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കടന്നു വരിക. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ട്, അവിടുത്തെ ജീവനുള്ള തിരുവചനത്തില്‍ നിന്നും ശക്തി സംഭരിച്ചുകൊണ്ട് അനേകര്‍ക്ക് താങ്ങാകുവാന്‍, ക്രിസ്തുവിലേക്കുള്ള വഴിവിളക്കാകുവാന്‍ വിളിക്കപ്പെട്ട നമുക്കോരോരുത്തര്‍ക്കും ആ ലക്ഷ്യം സാധിക്കുവാനുള്ള വഴികള്‍ കണ്ടെത്താന്‍ ഈ കണ്‍വെന്‍ഷന്‍ നമ്മളോരുത്തരെയും സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒന്നോര്‍ക്കുക ഇന്ന് വരെ ഒരു ധ്യാനം കൂടി ആരുടേയും ജീവിതം നശിച്ചു പോയിട്ടില്ല…. മറിച്ച് ഒരുപാട് ജീവിതങ്ങള്‍ക്ക് വഴികാട്ടി ആയിത്തീര്‍ന്നിട്ടുണ്ട് എന്ന യാഥാര്‍ഥ്യം മറക്കരുത്… ചെവിയുള്ളവന്‍ കേള്‍ക്കട്ടെ…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല