സ്വന്തം ലേഖകന്‍: സൗദിയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ക്ലാസിക് പോരാട്ടം; ഇഞ്ചുറി ഗോളില്‍ അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തത്. 93 മത്തെ മിനുട്ടില്‍ നെയ്മറിന്റെ കോര്‍ണര്‍ മിറാന്‍ഡ ഗോളാക്കി മാറ്റുകയായിരുന്നു.
മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. മല്‍സരം തുടങ്ങിയത് മുതല്‍ പന്തടക്കത്തിലും പാസുകളിലും ബ്രസീല്‍ ഏറെ മുന്നിലായിരുന്നു. എങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ബ്രസീലിന് അര്‍ഹിച്ച ഗോള്‍ സ്വന്തമാക്കാനായില്ല. ഇതോടെ മല്‍സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചുവെങ്കിലും മിറാന്‍ഡ ബ്രസീലിന്റെ രക്ഷകനാവുകയായിരുന്നു.
മെസ്സിയില്ലാത്ത ഇറങ്ങിയ അര്‍ജന്റീന നിരയിലേറെയും പുതുമുഖങ്ങളായിരുന്നു. ബോക്സിലേക്ക് പലതവണ നെയ്മറും ഫിര്‍മിനോയും ജിസ്യൂസും പന്തുമായെത്തിയെങ്കിലും ഗോള്‍ വീണില്ല. നെയ്മറെ തടുക്കാന്‍ അര്‍ജന്റീന പ്രതിരോധം പാടുപെടുന്നതും കാണാമായിരുന്നു. നിരവധി മലയാളി ഫുട്ബോള്‍ പ്രേമികളാണ് ക്ലാസിക് പോരാട്ടം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല