1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടനും പിന്മാറി. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സുമാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ഒക്ടോബര്‍ 23 മുതല്‍ 25വരെയാണ് ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നടക്കുക. ക്രുഡ് ഓയിലിനെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക ക്രമത്തില്‍ നിന്നുള്ള മാറ്റം കൊണ്ടുവരാനുള്ള വിഷന്‍ 2030 ന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സൗദി തലസ്ഥാനമായ റിയാദിലാണ് ഉച്ചകോടി നടക്കേണ്ടത്. സൗദി കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. എന്നാല്‍ ഖഷോഗിയുടെ തിരോധാനമാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിന്‍ അറിയിച്ചു. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മൈക് പോംപിയോ ദിവസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ വെച്ച് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കയറിയ ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. അദ്ദേഹം കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടുവെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കോണ്‍സുലേറ്റില്‍ നിന്ന് നീക്കം ചെയ്‌തെന്നും കൊലപാതകത്തിന് തെളിവുകളുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച സൗദി അറേബ്യ കോണ്‍സുലേറ്റിനുള്ളില്‍ പരിശോധന നടത്താന്‍ തുര്‍ക്കിയിലെ അന്വേഷണ സംഘത്തെ അനുവദിക്കുകയും ചെയ്തു. വിവാദത്തെ തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച് ധനകാര്യമന്ത്രിമാര്‍ നിക്ഷേപ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.