സ്വന്തം ലേഖകന്‍: ആള്‍ക്കൂട്ടത്തെ ദൂരെ നിന്നേ കണ്ടിരുന്നു; എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും അവര്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുക്കേണ്ടി വന്നു,’ അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തിലെ ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്. പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ റെയില്‍വേ ട്രാക്കിലേക്കു കയറി നിന്ന ജനക്കൂട്ടം ട്രെയിനിടിച്ചു മരിച്ച സംഭവത്തില്‍ ലോക്കോ–പൈലറ്റിന്റെ മൊഴി പുറത്ത്. ആള്‍ക്കൂട്ടത്തെ ദൂരെ നിന്നാണു താന്‍ കണ്ടതെന്നും അപ്പോള്‍ത്തന്നെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചെന്നും റെയില്‍വേ അന്വേഷണ സംഘത്തിന് എഴുതി നല്കിയ മൊഴിയില്‍ ലോക്കോ–പൈലറ്റ് അരവിന്ദ് കുമാര്‍ പറയുന്നു.
തുടരെത്തുടരെ ഹോണും അടിച്ചു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു കയറിയിരുന്നു. അല്പദൂരം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വേഗം കുറയുകയും ചെയ്തു. എന്നാല്‍ ആ സമയം ആള്‍ക്കൂട്ടം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് അപ്പോള്‍ത്തന്നെ ട്രെയിനെടുത്തു. പിന്നീട് അമൃത്സര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിന്‍ നിര്‍ത്തിയത്. അതിനു മുന്‍പ് ബന്ധപ്പെട്ട അധിതൃതരെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു.
യാത്രയിലുടനീളം നിര്‍ദേശമനുസരിച്ചാണു മുന്നോട്ടു പോയത്. തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. ജനക്കൂട്ടത്തിന് അടുത്തെത്തും മുന്‍പാണ് 13006 ഡിഎന്‍ നമ്പര്‍ ട്രെയിന്‍ മറികടന്നു പോയത്. അതിനിടെയാണ് ദൂരെ പാളത്തില്‍ വന്‍ ജനക്കൂട്ടത്തെ കണ്ടത്. ഹോണടിച്ച് അപ്പോള്‍ത്തന്നെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. അപ്പോഴേക്കും ഒട്ടേറെ പേരെ ഇടിച്ചിട്ടു ട്രെയിന്‍ മുന്നോട്ടു പോയെന്നും അരവിന്ദ് വ്യക്തമാക്കി. ട്രെയിനപകടത്തിലെ അവസാന റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ 59 പേര് മരിച്ചിട്ടുണ്ട്. 57 പേര്‍ക്കു പരുക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല