സ്വന്തം ലേഖകന്‍: ആഡംബര കപ്പലില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് മഹാരാഷ്ട്രാ മുഖ്യന്റെ ഭാര്യയുടെ സാഹസിക സെല്‍ഫി. കപ്പലിന്റെ അരികില്‍ അമൃത ഫട്നാവിസ് അപകടകരമായ രീതിയില്‍ ഇരുന്ന് സെല്‍ഫി എടുക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും അവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.
മുംബൈ ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ആഡംബര വിനോദസഞ്ചാര കപ്പലിലാണ് സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ് സെല്‍ഫിയെടുത്തത്. സുരക്ഷാ മുന്നറിയിപ്പ് ചെവിക്കൊള്ളാതെ തുടര്‍ന്നും സെല്‍ഫി എടുക്കുകയാണ് അവര്‍ ചെയ്തത്. മുംബൈയെയും ഗോവയെയും ബന്ധിപ്പിച്ചുകൊണ്ട് ആന്‍ഗ്രിയ എന്ന ആഡംബര കപ്പലിന്റെ സര്‍വീസ് ശനിയാഴ്ചയാണ് തുടങ്ങിയത്. 104 മുറികളുള്ള കപ്പലില്‍ 400 യാത്രക്കാര്‍ക്കും 70 ജീവനക്കാര്‍ക്കും സഞ്ചരിക്കാം.
രണ്ട് ഭക്ഷണശാലകളും, ആറ് ബാറുകളും, നീന്തല്‍ക്കുളവും സ്പായും അടക്കമുള്ളവ കപ്പലിലുണ്ട്. 14 മണിക്കൂറുകൊണ്ട് യാത്രക്കാര്‍ക്ക് മുംബൈയില്‍നിന്ന് ഗോവയിലെത്താം. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ശനിയാഴ്ചയാണ് ആഭ്യന്തര ക്രൂസ് ടെര്‍മിനലും കപ്പല്‍ സര്‍വീസും ഉദ്ഘാടനം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല