സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മര്‍ദിച്ചു ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8 വര്‍ഷം മുന്‍പു സഫ്വയിലെ കൃഷിയിടത്തിലായിരുന്നു സംഭവം.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം, കൊല്ലം സ്വദേശികളായ കണ്ണനല്ലൂര്‍ ഷെയ്ഖ് ദാവൂദ്, ശാസ്താംകോട്ട വിളത്തറ ഷാജഹാന് അബൂബക്കര്‍ എന്നിവരും രണ്ടു കന്യാകുമാരി സ്വദേശികളുമാണു കൊല്ലപ്പെട്ടത്.
ഫാം ഹൗസിലേക്ക് അഞ്ചു പേരെയും വിളിച്ചുവരുത്തിയ പ്രതികള്‍ കൈകാലുകള്‍ ബന്ധിച്ച് മര്‍ദിച്ചും ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്കി ബോധം കെടുത്തിയും വലിയ കുഴിയെടുത്ത് മൂടുകയായിരുന്നു. 2014 ഫെബ്രുവരി ഏഴിനാണു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മദ്യനിര്‍മാണത്തിലും വിതരണത്തിലും കൊല്ലപ്പെട്ടവരുമായി മുഖ്യപ്രതി സഹകരിച്ചിരുന്നു. കൂട്ടത്തിലൊരാള്‍ സ്പോണ്‍സറുടെ മകളെയും മറ്റു സ്ത്രീകളെയും മാനഭംഗപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ക്രൂരകൃത്യമെന്നായിരുന്നു പ്രതികളുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല