സ്വന്തം ലേഖകന്‍: സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം. മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസാണ് മരിച്ചത്. പറക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത നിറഞ്ഞ വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴേക്ക് വീണ് മരിക്കുകയായിരുന്നു.
ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണിലാണ് സംഭവം. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി വിമാനത്തിന് മുകളില്‍ സാഹസികതയ്ക്ക് ഒരുങ്ങിയത്.
വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുമ്പോള്‍ പെട്ടെന്ന് വിമാനം കുത്തനേ താഴേക്ക് ചെരിയുകയും പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും മുന്നെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടം പൊടുന്നനെയായിരുന്നതിനാല്‍ ജോണിന് പാരച്യൂട്ട് ഉപയോഗിക്കാനുള്ള സമയം കിട്ടിയിരുന്നില്ല.
സ്റ്റണ്ട് വിദഗ്ധനായിരുന്ന ജോണിന്റെ മരണത്തെ റോയല്‍ കനേഡിയന്‍ പോലീസ് ഒരു പാരച്യൂട്ടറുടെ പെട്ടെന്നുള്ള മരണം എന്നാണ് വിശേഷിപ്പിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല