സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം; സൗദിയ്ക്കെതിരെ കടുത്ത നടപടികളിലേക്ക് ട്രംപ്; 21 മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുടെ വീസ റദ്ദാക്കി; ഖഷോഗ്ഗിയുടെ മകനുമായി സൗദി കിരീടാവകാശി ഹസ്തദാനം നടത്തുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അതിനിടെ, സുല്‍ത്താന്‍ഗസി ജില്ലയിലെ പാര്‍ക്കിങ് സ്ഥലത്തു കണ്ട സൗദി കോണ്‍സുലേറ്റിന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍നിന്ന് ഖഷോഗിയുടേതെന്നു സംശയിക്കുന്ന 2 സ്യൂട്കെയ്സുകളും കംപ്യൂട്ടറും ലഭിച്ചു.
സൗദി അറേബ്യ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും ശക്തമായ വിമര്‍ശനമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്. ‘സൗദിയുടെ തീരുമാനം തെറ്റായിരുന്നു. അതു മോശമായി നടപ്പാക്കിയശേഷം അതിനീചമായ മൂടിവയ്ക്കലാണു നടത്തിയത്,’ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. ഈ ആശയം ആരുടെ തലയിലുദിച്ചതാണെങ്കിലും അവര്‍ കുഴപ്പത്തിലാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഖഷോഗിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ചിലരെ യുഎസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 21 പേരുടെ വീസ റദ്ദാക്കിയെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വെളിപ്പെടുത്തി. കൊലപാതകത്തെപ്പറ്റി സൗദി ഭരണാധികാരി സല്മാന് രാജാവിനു മുന്നറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നു ട്രംപ് പ്രമുഖ യുഎസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറ!ഞ്ഞു. എന്നാല്‍, ഇതേക്കുറിച്ചു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അറിയേണ്ടതാണ്. താഴെത്തട്ടില്‍ നടന്ന സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നു അദ്ദേഹം പറഞ്ഞതായും പ്രസിഡന്റ് വെളിപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ സംരക്ഷണമില്ലാതെ ഖഷോഗിയെ കൊലപ്പെടുത്താന്‍ സൗദി ധൈര്യപ്പെടില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പ്രതികരിച്ചു. നിഷ്ഠുരമായ കൊല നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡ് തയ്യിപ് എര്ദോഗന് ആവര്‍ത്തിച്ചു. ‘ഒന്നും മൂടിവയ്ക്കാമെന്നു കരുതേണ്ട. കൊലയ്ക്ക് ഉത്തരവിട്ടവരും അതു നടപ്പാക്കിയവരും അടക്കം രക്ഷപ്പെടില്ല.’ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഖഷോഗിയുടെ മകനുമായി സൗദി കിരീടാവകാശി ഹസ്തദാനം നടത്തുന്ന ചിത്രത്തിനു സമൂഹമാധ്യമങ്ങളില്‍ രൂക്ഷ പ്രതികരണമായിരുന്നു. സൗദി രാജാവും കിരീടാവകാശിയും ഖഷോഗിയുടെ മകന് സലാഹും സഹോദരന് സഹീലുമായും കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി അനുശോചനം അറിയിച്ചുവെന്ന പത്രക്കുറിപ്പിനൊപ്പമാണു ഹസ്തദാനത്തിന്റെ ചിത്രം പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല