1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2019

സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമര്‍ശവുമായി ഉന്നത യു.എസ് നയതന്ത്ര ഉദ്യോഗസ്ഥ. ഇമ്രാന്‍ ഖാന്‍ കശ്മീരിലെ മുസ്‌ലിം വിഭാഗക്കാര്‍ക്കുവേണ്ടി മാത്രം എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്തുന്നതെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ചോദിച്ചു. ചൈനയില്‍ പത്ത് ലക്ഷത്തോളം ഉഗൈര്‍ മുസ്‌ലിം വിഭാഗക്കാര്‍ അടക്കമുള്ളവരെ തടഞ്ഞുവച്ചിരിക്കുന്നതില്‍ ഇമ്രാന്‍ ഖാന് ഉത്കണ്ഠയില്ലാത്തത് എന്തുകൊണ്ടാണെന്നും സൗത്ത് – സെന്‍ട്രല്‍ ഏഷ്യയുടെ ചുമതല വഹിക്കുന്ന യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആരാഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിയെത്തുടര്‍ന്ന് വഷളായ ഇന്ത്യാ-പാക് ബന്ധം ചര്‍ച്ചയിലൂടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വെല്‍സ് അഭിപ്രായപ്പെട്ടു. ചൈനയിലുള്ള മുസ്‌ലിം വിഭാഗക്കാരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് പാക് പ്രധാനമന്ത്രി ഉറപ്പാക്കണം.

മധ്യചൈനയിലെ മുസ്‌ലിങ്ങളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ഐക്യരാഷ്ട്രസഭ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. എന്നാല്‍, ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ പാകിസ്താന്‍ അതേക്കുറിച്ച് സംസാരിക്കാന്‍പോലും ഒരുക്കമല്ലെന്ന് ആലീസ് വെല്‍സ് കുറ്റപ്പെടുത്തി.

നയതന്ത്രപരമായും സാമ്പത്തികമായും ചൈനയുമായി മികച്ച ബന്ധമാണ് പാകിസ്താനുള്ളത്. ചൈനയിലെ മുസ്‌ലിങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം തയ്യാറായില്ല. ചൈനയുമായി പ്രത്യേക അടുപ്പമാണുള്ളതെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള പോറലേല്‍പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇംമ്രാന്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ഉന്നത യു.എസ് നയതന്ത്ര ഉദ്യോഗസ്ഥയുടെ പ്രതികരണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.