സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിനായി പാർലമെന്റ് മുന്നു ദിവസം നിർത്തിവയ്ക്കണമെന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശം ബ്രിട്ടീഷ് എംപിമാർ വോട്ടിനിട്ടു തള്ളി. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ സർക്കാർ നിർദേശത്തെ എതിർത്ത് 306 പേരും അനുകൂലിച്ച് 289 പേരും വോട്ടു ചെയ്തു. മാഞ്ചസ്റ്ററിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ നടത്താൻ നിശ്ചയിച്ച സമ്മേളനം ഇനി മാറ്റിവയ്ക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടി വരും.
അഞ്ചാഴ്ചത്തേക്ക് പാർലമെന്റ് പ്രൊറോഗ് (സസ്പെൻഡ്) ചെയ്തുകൊണ്ടുള്ള ജോൺസന്റെ പ്രഖ്യാപനം ചൊവ്വാഴ്ച സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടർന്നാണ് ബുധനാഴ്ച വീണ്ടും പാർലമെന്റ് സമ്മേളിച്ചത്. ബ്രെക്സിറ്റ് ചർച്ച ചുരുക്കാനാണു പാർലമെന്റ് സസ്പെൻഡ് ചെയ്തതെന്നായിരുന്നു ആരോപണം. പാർലമെന്റ് പ്രൊറോഗ് ചെയ്യുന്ന പതിവ് നേരത്തെ മുതലുള്ളതാണെന്നും ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ജോൺസന്റെ പ്രതികരണം.
ഇതിനിടെ തെരഞ്ഞെടുപ്പു നടത്തണമെന്ന നിർദേശവുമായി വീണ്ടും എംപിമാരെ സമീപിക്കാൻ ജോൺസൻ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. ഒക്ടോബർ 31നു മുന്‍പ് തെരഞ്ഞെടുപ്പു സാധ്യമാവില്ലെന്നു സ്പീക്കർ ജോൺ ബെർകോ പറഞ്ഞു. എന്തുവന്നാലും ഒക്ടോബർ 31നു ബ്രെക്സിറ്റ് നടപ്പാക്കുമെന്ന കാര്യത്തിൽ മാറ്റമില്ലെന്നു ജോൺസൻ വീണ്ടും ആവർത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല