ഓച്ചിറയിലെ കാവലില്ലാ ലെവല്‍ ക്രോസില്‍ തീവണ്ടി വാനിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓഗസ്റ്റ് ആറ് രാത്രി ഒമ്പത് മണി കഴിഞ്ഞായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് തീവണ്ടിയാണ് വാനിലിടിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.
വാനിന്റെ ഡ്രൈവര്‍ ഓച്ചിറ കൊറ്റമ്പള്ളി കൊച്ചയ്യത്ത് ശശി(55), വള്ളികുന്നം മണക്കാട് സ്വദേശി സതീഷ് (34), വള്ളികുന്നം സ്വദേശിയായ അജയന്‍ (30), ബംഗാള്‍ ബര്‍ദാം സ്വദേശികളായ ആലോം മണ്ടേല്‍(20), ബോള്‍ കുമാറണി (20) എന്നിവരാണ് മരിച്ചത്. മഠത്തിക്കാരാഴ്മ തോട്ടത്തില്‍ സന്തോഷാ(32) ണ് പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഉള്ളത്.
സ്ഥലം എം.പി.കൂടിയായ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ രാത്രി 10 ന് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ രാത്രി വൈകിയും സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
സംഭവം അറിഞ്ഞയുടന്‍ റെയില്‍വേയുടെ കൊല്ലം ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍, അസി.ഡിവിഷണല്‍ എന്‍ജിനിയര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചു. ഡിവിഷണല്‍ സേഫ്ടി ഓഫീസര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് പ്രത്യേക റിലീഫ് തീവണ്ടിയും സ്ഥലത്തെത്തി.
ഡ്രൈവര്‍ അശ്രദ്ധമായി ട്രാക്കിലേക്ക് വാന്‍ ഓടിച്ചുകയറ്റിയതാണ് അപകടത്തിനു കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല