സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധക്കേസ്; സൗദി അന്വേഷണ സംഘം എത്തിയത് തെളിവുകള്‍ നശിപ്പിക്കാന്‍; നിര്‍ണായക വെളിപ്പെടുത്തലുമായി തുര്‍ക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായ ഖഷോഗി ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍വച്ചു കൊല്ലപ്പെട്ട് 9 ദിവസങ്ങള്‍ക്കുശേഷം, ഒരാഴ്ച തുടര്‍ച്ചയായി സൗദി വിദഗ്ധസംഘം വന്നുപോയിരുന്നതായാണു തുര്‍ക്കി വെളിപ്പെടുത്തിയത്. സംഭവം അന്വേഷിക്കാനെത്തിയ ഇവര്‍ തെളിവു നശിപ്പിക്കുകയും ചെയ്തു.
സൗദി ഉന്നതരുടെ അറിവോടെ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു എന്നാണു പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത തുര്‍ക്കി ഉന്നതന്‍ പറയുന്നത്. അഹമ്മദ് അബ്ദുല്‍അസീസ് അല്‍ ജനോബി എന്ന രാസവിദഗ്ധനും ഖാലിദ് യഹ്യ അല്‍ സഹ്‌റാനി എന്ന വിഷവിദഗ്ധനുമാണ് തെളിവു നശിപ്പിക്കാന്‍ വന്നതെന്നു തുര്‍ക്കി പത്രമായ സാബ റിപ്പോര്‍ട്ട് ചെയ്തു. ആസിഡ് ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയെന്നും കരുതുന്നു.
സൗദി കൊലയാളിസംഘം ഖഷോഗിയെ ശ്വാസം മുട്ടിച്ചു കൊന്നത് ഒക്ടോബര്‍ രണ്ടിനായിരുന്നെങ്കില്‍ വിഷവിദഗ്ധനും രാസവിദഗ്ധനും ഉള്‍പ്പെട്ട 11 പേര്‍ പതിവായി എത്തിയത് കഴിഞ്ഞ 12നും 17നും ഇടയില്‍. കോണ്‍സുലേറ്റിനുള്ളില്‍ പരിശോധന നടത്താന്‍ തുര്‍ക്കി പൊലീസിന് സൗദി അനുവാദം കൊടുത്തത് 15 നും 16 നും ആയിരുന്നു. അപ്പോഴേയ്ക്കും എല്ലാ തെളിവുകളും തുടച്ചുനീക്കിയിരുന്നതിനാല്‍ തുര്‍ക്കി സംഘം വെറുംകയ്യോടെ മടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല