സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവശേഷിയുള്ള മുങ്ങിക്കപ്പല്‍ അരിഹന്തിന്റെ പര്യടനം പൂര്‍ത്തിയായി; ആണവ കരുത്തിന് ഇനി മൂന്നു മുന. അണ്വായുധ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ്. അരിഹന്തിന്റെ ആദ്യ ‘പര്യടനം’ വിജയകരമായി പൂര്‍ത്തിയായി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ അണ്വായുധ മുങ്ങിക്കപ്പലാണ് 6,000 ടണ്‍ ഭാരമുള്ള അരിഹന്ത്.
നേട്ടത്തിനു പിന്നിലുള്ള എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി അധ്യക്ഷനായ ന്യൂക്ലിയര്‍ കമാന്‍ഡ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് അരിഹന്ത് വികസിപ്പിച്ചത്. മൂന്നു ദശാബ്ദമായി ഇതിനുള്ള പ്രവര്‍ത്തനം നടക്കുകയായിരുന്നു.
പൂര്‍ണമായും വെള്ളത്തിനടിയില്‍നിന്നു പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അരിഹന്തിനു സമുദ്രത്തില്‍ എവിടെനിന്നും മിസൈലുകള്‍ വിക്ഷേപിക്കാനും ഏറെനേരം മറഞ്ഞിരിക്കാനും കഴിയും. ശത്രുരാജ്യത്തിന്റെ തീരത്തിനടുത്തവരെ നുഴഞ്ഞുകയറാനും അവിടേക്കു ദീര്‍ഘദൂരം മിസൈല്‍ വിക്ഷേപിക്കാനും ശേഷിയുണ്ട്.
അരിഹന്ത് പ്രവര്‍ത്തനക്ഷമമായതോടെ കരയില്‍നിന്നും കടലില്‍നിന്നും വായുവില്‍നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ത്രിതലശേഷി ഇന്ത്യയ്ക്കു കൈവന്നു. ഇതോടെ ഇന്ത്യ, യു.എസ്., റഷ്യ, ഫ്രാന്‍സ്, ചൈന, യു.കെ. രാജ്യങ്ങളുടെ പട്ടികയിലിടം പിടിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല