സ്വന്തം ലേഖകന്‍: ഇന്തൊനേഷ്യയിലെ വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎയുടെ അടിയന്തര നിര്‍ദേശം. ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അന്വേഷണത്തിനിടെ തകരാറുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് ‘ആംഗിള്‍ ഓഫ് അറ്റാക്ക്’ സെന്‍സറില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു.
ഈ സെന്‍സറുകള്‍ ഘടിപ്പിച്ച ഇരുന്നൂറോളം വിമാനങ്ങളാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നത്. പറക്കുമ്പോള്‍ വായുവിന്റെ തള്ളലിന് ആനുപാതികമായി വിമാനത്തിന്റെ മുന്‍അഗ്രത്തിന്റെ കോണ്‍ നിയന്ത്രിക്കുക എന്നുള്ളതാണ് ആംഗിള്‍ ഓഫ് അറ്റാക്ക് സെന്‍സറിന്റെ ജോലി. ഇതു തകരാറിലായാല്‍ വിമാനത്തിന്റെ കംപ്യൂട്ടറിനും പൈലറ്റിനും തെറ്റായ വിവരങ്ങള്‍ നല്‍കുകയും വിമാനത്തിന്റെ കംപ്യൂട്ടറിനും പൈലറ്റിനും കടുത്ത ആശയക്കുഴപ്പമുണ്ടാകുകയും അതുവഴി വിമാനം പെട്ടെന്നു കൂപ്പുകുത്താന്‍ ഇടയാകുകയും ചെയ്യും.
ഒക്‌ടോബര്‍ 28നു 189 പേരുടെ മരണത്തിനിടയാക്കി കടലില്‍ പതിച്ച ലയണ്‍ എയര്‍ ബോയിങ് വിമാനത്തിന്റെ ആംഗിള്‍ ഓഫ് അറ്റാക്ക് സെന്‍സറിനു തകരാറുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഈ സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്ന ബോയിങ് 737 മാക്‌സ് 8, മാക്‌സ് 9 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായി ബോയിങ് തന്നെ സുരക്ഷാ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എഫ്എഎ അടിയന്തര നിര്‍ദേശം നല്‍കിയത്. രാജ്യാന്തര തലത്തില്‍ മറ്റു വിമാനക്കമ്പനികളും എഫ്എഎ നിര്‍ദേശങ്ങളാണു പാലിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല