സ്വന്തം ലേഖകന്‍: പത്രസമ്മേളനത്തില്‍ ട്രംപിനോട് തുടരെ ചോദ്യം ചോദിച്ച സിഎന്‍എന്‍ മാധ്യമപ്രവര്ത്തകന് വിലക്ക്; വൈറ്റ് ഹൗസിനെതിരേ നിയമനടപടിയുമായി സിഎന്‍എന്‍. മാധ്യമപ്രവര്ത്തകന് ജിം അക്കോസ്റ്റയെ വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതു വിലക്കിയ നടപടിയില്‍ ട്രംപ് ഭരണകൂടത്തിനെതിരേ മാധ്യമസ്ഥാപനമായ സിഎന്‍എന്‍ കോടതിയെ സമീപിച്ചു. വാഷിംഗ്ടണിലെ ഫെഡറല്‍ കോടതിയിലാണ് സിഎന്‍എന്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
അക്കോസ്റ്റയെ വിലക്കിയ വൈറ്റ്ഹൗസ് നടപടി അദ്ദേഹത്തിന്റെയും സിഎന്എനിന്റെയും പ്രാഥമിക അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും വിലക്ക് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിഎന്‍എന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വൈറ്റ് ഹൗസ് തീരുമാനം ചോദ്യം ചെയ്യപ്പെടാതെ പോയാല്‍ അത് ജനപ്രതിനിധികളെ സംബന്ധിച്ചു വാര്‍ത്തകള്‍ ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അപകടകരമായിരിക്കുമെന്നും സിഎന്‍എന്‍ വ്യക്തമാക്കി. സിഎന്‍എന്‍ നടപടിയെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റസ് അസോസിയേഷന് സ്വാഗതം ചെയ്തു.
ഇടക്കാല തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ട്രംപ് നടത്തിയ പത്രസമ്മേളനത്തില്‍ ജിം അക്കോസ്റ്റ തുടരെത്തുടരെ ചോദ്യങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പാസ് റദ്ദു ചെയ്തത്. സെന്‍ട്രല്‍ അമേരിക്കയില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി നീങ്ങുന്ന ആയിരങ്ങള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ സംഘത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങളായിരുന്നു അക്കോസ്റ്റയുടെ ചോദ്യത്തിന് ആധാരം. ട്രംപ് പറയുന്നതുപോലെ ഇവര്‍ അധിനിവേശം നടത്താന്‍ വരുന്നവരല്ലെന്ന് അക്കോസ്റ്റ പറഞ്ഞു.
ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും നിയമപരമായി അമേരിക്കയിലേക്കു വരുന്നതില്‍ കുഴപ്പമില്ലെന്നും നിയമവിരുദ്ധമായി രാജ്യത്തു കടക്കാന്‍ ശ്രമിക്കുന്നതാണ് അംഗീകരിക്കാന്‍ പറ്റാത്തതെന്നും ട്രംപ് വിശദീകരിച്ചു. അക്കോസ്റ്റ വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചു. അസ്വസ്ഥനായ ട്രംപ്, നിങ്ങള്‍ എന്നെ രാജ്യം ഭരിക്കാന്‍ അനുവദിക്കണമെന്നും ഇത്രയും മതിയെന്നും പറഞ്ഞു.
ഈ സമയത്താണ് വൈറ്റ്ഹൗസിലെ ഇന്റേണ്‍ ആയ ജോലിക്കാരി അക്കോസ്റ്റയില്നിന്നു മൈക്ക് മേടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്കോസ്റ്റ മൈക്ക് കൈമാറിയില്ല. പത്രസമ്മേളനം അവസാനിച്ച് മണിക്കൂറുകള്‍ക്കകം അക്കോസ്റ്റയുടെ പാസ് റദ്ദാക്കപ്പെട്ടതായി അറിയിപ്പു വന്നു. ജിം അക്കോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നാരോപിച്ചാണ് പാസ് റദ്ദാക്കിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പാസ് വൈറ്റ്ഹൗസ് റദ്ദാക്കുന്നത് അപൂര്‍വ സംഭവമാണ്.
എന്നാല്‍ അക്കോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നതിനെ സാധൂകരിക്കാന്‍ വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്നും തെളിഞ്ഞു. വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാന്‍ഡേഴ്സ് പുറത്തുവിട്ട വീഡിയോ അക്കോസ്റ്റയുടെ കൈകളുടെ ചലനം വേഗത്തിലാക്കുന്ന തരത്തില്‍ എഡിറ്റിംഗ് നടത്തിയാണ് പുറത്തുവിട്ടതെന്നാണു വ്യക്തമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല