സ്വന്തം ലേഖകന്‍: യുകെയില്‍ വയറ്റില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്പേറ്റിട്ടും അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ പുറത്തുവന്ന് അത്ഭുത ബാലന്. മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ വയറ്റില്‍ അമ്പേറ്റാണ് ദേവി ഉണ്മതല്ലെഗാഡൂ (35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണു സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദുമായുള്ള ദേവിയുടെ വിവാഹം. ഇതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന.
മുന്‍ ഭര്‍ത്താവിന്റെ 18, 14, 12 വയസ്സുള്ള മക്കളുടെയും മുഹമ്മദിന്റെ അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെയും അമ്മയാണ്. മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണ് മുന്‍ ഭര്‍ത്താവില്‍ നിന്ന് ആക്രമണം ഉണ്ടായത്. വീടിന് സമീപം അമ്പും വില്ലുമായി രാമണോഡ്ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു.
ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണമായ സംഭവം. സനയുടെ ഭര്‍ത്താവ് ഇംത്യാസ് മുഹമ്മദ് രാവിലെ വീടിനു പുറത്തുള്ള ഷെഡ്ഡിലെ പെട്ടികള്‍ നീക്കുന്നതിനിടിയിലാണ് ആക്രമിയെ കണ്ടത്. ഓടി രക്ഷപ്പെടൂ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഇംത്യാസ് അടുക്കള ലക്ഷ്യമാക്കി ഓടി. ഈ സമയം ആക്രമിയും ഇയാളുടെ പിന്നാലെയെത്തി. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 35 കാരിയായ സനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ സനയുടെ വയറ്റിലുണ്ടായിരുന്ന എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ തന്നെ അതിസാഹസികമായി പുറത്തെടുത്തു. എമര്‍ജന്‍സി സിസേറിയന് വഴിയാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്. ഇബ്രാഹിം എന്ന് പേരിട്ടുവിളിക്കുന്ന കുഞ്ഞ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല