സ്വന്തം ലേഖകന്‍: ‘അല്ല! സത്യത്തില്‍ ആരാണ് പ്രധാനമന്ത്രി?’ ആശയക്കുഴപ്പത്തില്‍ ശ്രീലങ്ക; രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് പാസാക്കി. പ്രധാനമന്ത്രി മഹിന്ദെ രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പാസായതോടെ ശ്രീലങ്കന്‍ രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.
പ്രമേയം പാസായതായും രാജപക്ഷെയ്ക്കു ഭൂരിപക്ഷമില്ലെന്നും സ്പീക്കര്‍ കരു ജയസൂര്യ പ്രഖ്യാപിച്ചു. എന്നാല്‍, തീരുമാനം അംഗീകരിക്കില്ലെന്ന് രാജപക്ഷെ വിഭാഗം പറഞ്ഞു. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ പാര്‍ലമെന്റ് സമ്മേളിച്ചത്.
കഴിഞ്ഞ 26 ന് പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ച മഹിന്ദെ രാജപക്ഷെ ഇന്നലെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തില്‍ തോറ്റതോടെ ഫലത്തില്‍ സ്ഥാനഭൃഷ്ടനായി. 26 ന് സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇപ്പോഴും തീരുമാനം അംഗീകരിച്ചിട്ടില്ല. ജനങ്ങള്‍ മാത്രമല്ല, ആരില്‍നിന്ന് ഉത്തരവുകള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല