സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്മാന് രാജകുമാരനെന്ന് സി.ഐ.എ. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതിനുപിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന് യു.എസ്. അന്വേഷണസംഘം. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സല്മാന് രാജകുമാരനാണെന്ന നിഗമനത്തിലാണ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് (സി.ഐ.എ.).
സല്മാന് രാജകുമാരന്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്ന സൗദി പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബ് കഴിഞ്ഞദിവസം നല്കിയ റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് സി.ഐ.എ.യുടെ നിഗമനം. സല്മാന് രാജകുമാരനെതിരേ വ്യക്തമായ തെളിവുകളില്ലെങ്കിലും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ കൊലപാതകം നടക്കില്ലെന്ന് സി.ഐ.എ. വിശ്വസിക്കുന്നു.
സല്‍മാന്റെ സഹോദരനും യു.എസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിന്‍ സല്മാന്, ഖഷോഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.എ. ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേര്‍ന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി കോണ്‍സുലേറ്റില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാകില്ലെന്ന് ഖാലിദ്, ഖഷോഗിക്ക് ഉറപ്പുനല്കിയിരുന്നെന്നും ഇത് സല്‍മാന്റെ നിര്ദേശപ്രകാരമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഖഷോഗിയും താനുമായി ബന്ധമില്ലെന്നും താന്‍ ഖഷോഗിയെ വിളിച്ചുവെന്ന ആരോപണം തെറ്റാണെന്നും ഖാലിദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല