സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാലദ്വീപിലെത്തി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മോദി ട്വിറ്ററിലാണ് തന്റെ ആശംസയറിയിച്ചത്.
മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഇബ്രാഹിം മുഹമ്മദ് സോലിഹിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് പ്രത്യേശിക്കുന്നു സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ മാലദ്വീപിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മാലദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദുള്ള മസീഹ് മുഹമ്മദ് അദ്ദേഹത്തെ സ്വീകരിച്ചു. മാലദ്വീപിലെ നേതാക്കളുമായും ചടങ്ങില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങളുടെ നേതാക്കളുമായും മോദി ആശയവിനിമയം നടത്തി. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം മോദിയുടെ മാലദ്വീപിലേക്കുള്ള ആദ്യസന്ദര്‍ശനമാണിത്.
മാലദ്വീപിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി അടിസ്ഥാനസൗകര്യം, ആരോഗ്യരംഗം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ വികസനത്തിനായി ഇന്ത്യയുടെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് മോദി ട്വീറ്റ് ചെയ്തിരുന്നു. ജനാധിപത്യത്തിലും നിയമവാഴ്ചയിലും അതിലൂടെ മെച്ചപ്പെട്ട ഭാവിലേക്കും മാലിദ്വീപ് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ജനാധിപത്യത്തില്‍ അടിയുറച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സുസ്ഥിരമായ ഒരു രാജ്യമായിത്തീരട്ടെയെന്നാണ് മാലദ്വീപിനെ കുറിച്ച് ഇന്ത്യയുടെ ആഗ്രഹമെന്നും മോദി പറഞ്ഞു. മാലദ്വീപിന്റെ പുതിയ രാഷ്ട്രപതിക്ക് എല്ലാ ആശംസകളും ട്വിറ്ററിലൂടെ മോദി അറിയിച്ചു. മാലദ്വീപിലെ ഭരണമാറ്റം ഇന്ത്യയും ചൈനയുമായുള്ള ദ്വീപു രാഷ്ട്രത്തിന്റെ ബന്ധം പൊളിച്ചെഴുതുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല