സ്വന്തം ലേഖകന്‍: ഖഷോഗി വധം: യുഎസ് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ട്രംപ്; ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ ബാഗേജിലാക്കി കടത്തിയതായി തുര്‍ക്കി. സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യുഎസ് ഭരണകൂടം അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നടത്തിയ അന്വേഷണത്തിന്റെ ‘സമ്പൂര്‍ണ റിപ്പോര്‍ട്ട്’ നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജമാല്‍ ഖഷോഗിയെ വധിച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവു പ്രകാരമാണെന്നു സിഐഎ കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്.
‘സിഐഎ ഒരു വിലയിരുത്തലും നടത്തിയിട്ടില്ല. പുറത്തുവന്നത് അപൂര്‍ണ റിപ്പോര്‍ട്ടാണ്. പൂര്‍ണ നിഗമനം ചൊവ്വാഴ്ച ലഭിക്കും. അപ്പോഴറിയാം യുഎസ് നിലപാട്,’ ട്രംപ് കലിഫോര്‍ണിയയില്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സൗദി കിരീടാവകാശിയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ സിഐഎ യുഎസ് കോണ്‍ഗ്രസ് അടക്കമുള്ള ഭരണകൂട കേന്ദ്രങ്ങളെ ധരിപ്പിച്ചതായാണു വിവരം.
ജമാല്‍ ഖഷോഗിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കൊലയാളികള്‍ ലഗേജിലാക്കി രാജ്യത്തിനു പുറത്തേക്കു കടത്തിയിട്ടുണ്ടാകുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ വ്യക്തമാക്കി. കൊല നടന്നു 3–4 മണിക്കൂറിനകം ഇതുമായി കൊലയാളികള്‍ തുര്‍ക്കി വിട്ടിരിക്കാനാണു സാധ്യതയെന്ന് അദ്ദേഹം കാനഡയില്‍ സമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല