സ്വന്തം ലേഖകന്‍: ശ്രീലങ്ക എരിതീയില്‍ നിന്ന് വറചട്ടിയിലേക്കെന്ന് സൂചന; സിരിസേന വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വിളിച്ച സര്‍വകക്ഷിയോഗവും തീരുമാനമെടുക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ സിരിസേന നിയമിച്ചതോടെയാണു പ്രശ്നങ്ങള്‍ ആരംഭിച്ചത്.
കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാനുള്ള രാജപക്സെയുടെ ശ്രമം പരാജയപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇരുവിഭാഗം എംപിമാരും ഏറ്റുമുട്ടി. സ്പീക്കര്‍ക്കു നേരെയും അക്രമമുണ്ടായതിനെത്തുടര്ന്നു പോലീസിനെ സഭയ്ക്കുള്ളില്‍ വിളിച്ചുവരുത്തേണ്ടിവന്നു. ഇതിനിടെ രണ്ടു തവണ പാര്‍ലമെന്റ് രാജപക്സെയ്ക്കെതിരേ അവിശ്വാസം പാസാക്കിയെങ്കിലും സിരിസേന ഇത് അംഗീകരിച്ചില്ല.
ഇതെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണു സര്‍വകക്ഷിയോഗം വിളിച്ചത്. ഒക് ടോബര്‍ 26നു പ്രതിസന്ധി ആരംഭിച്ചശേഷം സിരിസേനയും രാജപക്സെയും വിക്രമസിംഗെയും ഒരുമിച്ചു ചര്‍ച്ച നടത്തുന്നത് ആദ്യമാണ്. ജെവിപി ഒഴിച്ചുള്ള കക്ഷികള്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. സിരിസേനയാണു പ്രശ്നം ഉണ്ടാക്കിയതെന്നും അദ്ദേഹം തന്നെ പരിഹരിക്കണമെന്നും നിര്‍ദേശിച്ച് ജെവിപി സിരിസേനയ്ക്കു കത്തു നല്കി.
രാജ്യത്തു പ്രധാനമന്ത്രിയോ സര്‍ക്കാരോ ഇല്ലെന്നു ബുധനാഴ്ച പ്രഖ്യാപിച്ച സ്പീക്കര്‍ കരു ജയസൂര്യയും ഇന്നലത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല