സ്വന്തം ലേഖകന്‍: ട്രംപിന്റെ ‘ഒസാമ’ പരാമര്‍ശം; അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്‍. ഒസാമ ബിന്‍ ലാദനുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താന്റെ പ്രതിഷേധം.
പാകിസ്താന് യു.എസ് നല്‍കിവന്ന സൈനിക സഹായം നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമര്‍ശങ്ങളാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ഭീകരവാദം തുടച്ചുനീക്കാന്‍ പാകിസ്താന്‍ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിമര്‍ശിച്ച ട്രംപ് അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് ഇസ്‌ലാമാബാദ് ഒളിത്താവളം ഒരുക്കിയെന്നും ആരോപിച്ചു.
പിന്നാലെ ഫോക്‌സ് ന്യൂസിനോട് സംസാരിച്ചപ്പോഴും ട്രംപ് പാകിസ്താനെതിരെ വിമര്‍ശം ഉന്നയിച്ചു. ഒരുവര്‍ഷം 1.3 ബില്യണ്‍ ഡോളറാണ് പാകിസ്താന് നല്‍കിവന്നത്. ഒസാബ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞതും ആ രാജ്യത്താണ്. ഇനിയും സഹായം നല്‍കാന്‍ കഴിയില്ല. പാകിസ്താന്‍ അമേരിക്കയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ സ്വീകാര്യമല്ലെന്നാണ് പാകിസ്താന്റെ നിലപാട്. ഭീകരവാദികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാകിസ്താന് നല്‍കേണ്ടി വന്നതുപോലെ മറ്റൊരു രാജ്യത്തിനും വില നല്‍കേണ്ടി വന്നിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല