1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2018

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ചത്ത് തീരത്തടിഞ്ഞ് ഭീമന്‍ തിമിംഗലം; വയറിനുള്ളില്‍ കണ്ടെത്തിയത് ആറ് കിലോ പ്ലാസ്റ്റിക് മാലിന്യം! ഇന്തോനേഷ്യയിലെ കപ്പോട്ട ദ്വീപിലെ കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് ആറു കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍. വാക്കടോബി നാഷണല്‍ പാര്‍ക്കിലാണ് 31 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍നിന്ന് വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്.

ഗ്ലാസുകള്‍, പ്ലാസിക്ക് കുപ്പികള്‍, ബാഗുകള്‍, ചെരുപ്പുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് തിമിംഗലത്തിന്റെ വയറ്റില്‍ ഉണ്ടായിരുന്നതെന്ന് ഡബ്ല്യുഡബ്ല്യുഎഫ് (WWF) പറഞ്ഞു. വളരെ നീളമുള്ളതാണെങ്കിലും മലിഞ്ഞ് ഒട്ടിയതായിരുന്നു തിമിംഗലത്തിന്റെ ശരീരം. വര്‍ധിച്ച തോതില്‍ വയറ്റിലെത്തിയ ഇത്തരം വസ്തുക്കള്‍ ദഹിക്കാതെ പുറന്തള്ളാനും സാധിക്കാതെ വയറ്റില്‍ കെട്ടിക്കിടന്നതാണ് തിമിംഗലം ചാകാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ 60 ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും അവസാനം കടലിലാണ് എത്തിച്ചേരുന്നത് മനുഷ്യന്‍ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കടല്‍ ജീവികളുടെ ജീവനെടുക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.