സ്വന്തം ലേഖകന്‍: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ വിലാസം ഉപയോഗിച്ച ഇവാന്‍ക ട്രംപ് പുലിവാലു പിടിച്ചു; അന്വേഷണത്തിനായി പ്രത്യേക സമിതി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഔദ്യോഗികാവശ്യങ്ങള്‍ക്കു വ്യക്തിപരമായ ഇ മെയില്‍ ഉപയോഗിച്ചത് വിവാദത്തില്‍. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചു. ട്രംപിന്റെ ഉപദേശക എന്ന ഔദ്യോഗിക പദവിയാണ് ഇവാന്‍കയ്ക്കുള്ളത്.
മുന്‍പ്, സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ, ഹിലറി ക്ലിന്റന്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കു സ്വന്തം ഇ മെയില്‍ ഉപയോഗിച്ചത് യുഎസില്‍ വന്‍ വിവാദമായിരുന്നു. ഇതിനു സമാനമാണ് പുതിയ ആരോപണവും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലറിക്കെതിരെ ട്രംപ് വ്യാപകമായി ഉപയോഗിച്ച ആയുധമായിരുന്നു ഇ മെയില്‍ വിവാദം.
കഴിഞ്ഞ വര്‍ഷം 100 തവണ ഇവാന്‍ക സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്വന്തം മെയില്‍ ഉപയോഗിച്ചുവെന്നാണു കണ്ടെത്തല്‍. പ്രസിഡന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നു യുഎസില്‍ നിയമമുണ്ട്. സ്വന്തം മെയിലില്‍ നിന്ന് അയക്കുന്ന രേഖകള്‍ ഇങ്ങനെ സൂക്ഷിക്കാന്‍ കഴിയില്ലാത്തതു കൊണ്ടാണ് യുഎസില്‍ ഇതു പ്രശ്‌നമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല