സ്വന്തം ലേഖകന്‍: പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്സര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു ഹിതപരിശോധന. പശുവിന്റെ കൊമ്പുകള്‍ മുറിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന. ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിലെ ഫലം അനുസരിച്ച് സര്‍ക്കാര്‍ നിയമം പാസാക്കും.
കൊമ്പുകള്‍ മുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹിയായ ആര്മിന് കപോള്‍ എട്ടു വര്‍ഷം നടത്തിയ പോരാട്ടത്തിന്റെ ഫലമാണിത്. ആശയവിനിമയത്തിനും ശരീരതാപനില നിയന്ത്രിക്കാനും പശുക്കള്‍ക്ക് കൊമ്പുകള്‍ വേണമെന്നാണ് ഇദ്ദേഹം പറയുന്നത്. കൊന്പുള്ള പശുക്കള്‍ മറ്റു മൃഗങ്ങളെയും മനുഷ്യരെയും കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കപോളിന്റെ എതിരാളികളുടെ വാദം.
ഹിതപരിശോധന കപോളിന് അനുകൂലമായാല്‍, പശുവൊന്നിന് 190 സ്വിസ് ഫ്രാങ്ക് വച്ച് വാര്‍ഷിക സബ്സിഡി സര്‍ക്കാര്‍ നല്‍കേണ്ടിവരും. സര്‍ക്കാരിന് വര്‍ഷം മൊത്തമുണ്ടാകുന്ന ബാധ്യത 300 ലക്ഷം ഫ്രാങ്ക് ആണ്. അതിനാല്‍, ഹിതപരിശോധനയില്‍ എതിര്‍ത്തു വോട്ടു ചെയ്യാനാണ് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്.
രാജ്യത്തെ പശുക്കളില്‍ 75 ശതമാനത്തിന്റെയും കൊമ്പുകള്‍ മുറിക്കപ്പെട്ട നിലയിലാണ്. ഹിതപരിശോധയ്ക്കു മുമ്പായി നടന്ന അഭിപ്രായസര്‍വേ ഫലം കപോളിന് അനുകൂലമാണ്. 49 ശതമാനം പേര് അനുകൂലിക്കുമ്പോള്‍ 46 ശതമാനം എതിര്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല