സ്വന്തം ലേഖകന്‍: 18 വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എമിഗ്രേഷന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി; ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇന്ത്യയില്‍നിന്ന് വിമാനം കയറാന്‍ സാധിക്കില്ല. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്. പാസ്പോര്‍ട്ട് ഉടമകള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്ബന്ധമാക്കുകയാണെന്ന് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍വഴി അറിയിച്ചിരുന്നു.
യു.എ.ഇ. ഉള്‍പ്പെടെ 18 വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ രാജ്യങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതു ബാധകമാകും. ഈ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടില്‍ പോകുന്ന സമയത്ത് www.emigrate.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചുവരുന്നതിന് 21 ദിവസംമുമ്പുമുതല് 24 മണിക്കൂര്‍മുമ്പുവരെ രജിസ്ട്രേഷന് സമയമുണ്ട്.
വ്യക്തിപരമായ വിവരങ്ങള്‍, തൊഴിലുടമയുടെ വിവരങ്ങള്‍, വിസ സംബന്ധിച്ച വിശദാംശങ്ങള്‍, വിദേശത്തെ വിലാസം എന്നിവയെല്ലാം രജിസ്ട്രേഷന്‍സമയത്ത് നല്‍കണം. രജിസ്ട്രേഷന് പൂര്‍ത്തിയാകാത്തവരെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയയ്ക്കുമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രജിസ്ട്രേഷന് പൂര്‍ത്തിയാകുമ്പോള്‍ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്., ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കും. ഇത് വിമാനത്താവളത്തില്‍ കാണിച്ചാല്‍മാത്രമേ വിമാനത്തില്‍ കയറാന്‍ സാധിക്കുകയുള്ളൂ.
വിസ പുതുക്കുമ്പോള്‍ രജിസ്ട്രേഷന് പുതുക്കേണ്ടതില്ല. എന്നാല്‍ വിദേശരാജ്യത്തെ തൊഴില്‍സ്ഥാപനം മാറുമ്പോള്‍ രജിസ്ട്രേഷന് പുതുക്കുകയും വേണം. ഇന്ത്യയില്‍നിന്ന് പുറപ്പെടുന്നതിന് 24 മണിക്കൂര്‍മുമ്പ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. വിദേശത്ത് തൊഴില്‍തേടുന്ന ഇന്ത്യക്കാര്‍ തട്ടിപ്പിനിരയാകുന്നത് തടയാനും അവര്‍ക്ക് അനുയോജ്യമായ തൊഴില്‍സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനും ഇതു സഹായമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
യു.എ.ഇ.ക്കുപുറമേ കുവൈത്ത്, ബഹ്റൈന്‍, സൗദി, ഒമാന്‍, ഖത്തര്‍, മലേഷ്യ, ഇറാഖ്, ജോര്‍ദാന്‍, തായ്ലന്ഡ്, യെമെന്‍, ലിബിയ, ഇന്‍ഡൊനീഷ്യ, സുഡാന് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുമ്പോഴും ഇതു ബാധകമാണ്. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 1800113090 എന്ന ടോള്‍ഫ്രീ നമ്പറിലോ helpline@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല