സ്വന്തം ലേഖകന്‍: പ്രളയകാലത്ത് തന്ന റേഷനുപോലും പണം വാങ്ങിച്ചു; യു.എ.ഇ സഹായം വാങ്ങിക്കാന്‍ അനുവാദം നല്‍കിയില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. പ്രളയകാലത്ത് കേരളത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ തരാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനുള്ള ശ്രമത്തിനും കേന്ദ്രം തടയിട്ടെന്നും അദ്ദേഹം പറഞ്ഞു.
‘മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞതെന്തിനാണെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം തടഞ്ഞു.’ ദുരിതബാധിതരെ സഹായിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു. ജാതിമതഭേദമന്യേ എല്ലാവരും ഒരുമിച്ചുനിന്നാണ് ദുരന്തത്തെ നേരിട്ടത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അര്‍ഹതപ്പെട്ട സഹായം ലഭിച്ചില്ല. പ്രളയകാലത്ത് തന്ന റേഷന്‍ പോലും പണം വാങ്ങി. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ സഹായങ്ങളുമായി മുന്നോട്ട് വന്നപ്പോള്‍ അത് സ്വീകരിക്കാനും അനുവദിച്ചില്ല. ഇത് വഴി നമുക്ക് ലഭിക്കുമായിരുന്ന വലിയൊരു തുക നഷ്ടപ്പെട്ടു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമടക്കം നേരിട്ട് വന്ന പ്രളയം കണ്ട് ബോധ്യപ്പെട്ടതാണ്. ദേശീയ ദുരന്തനിവാരണസമിതിയുടെ മാനദണ്ഡമനുസരിച്ച് നമുക്കുണ്ടായ നഷ്ടം നികത്തി തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തില്‍ 820 കോടിയുടെയും രണ്ടാമതുണ്ടായ പ്രളയത്തില്‍ 4896 കോടിയുടെയുമടക്കം 5616 കോടി രൂപയാണ് കേന്ദ്രത്തോട് ചോദിച്ചത്. ഇതിന് പുറമെ 5000 കോടിയുടെ പാക്കേജ് തരണമെന്നും ആവശ്യപ്പെട്ടു. ഇത് മുഴുവന്‍ അനുവദിച്ചാലും നഷ്ടം നികത്താനാകില്ലെന്നാണ് മറ്റൊരു വസ്തുത.
ലോകബാങ്കും ഐക്യരാഷ്ട്രസഭയും കണക്കാക്കിയത് 31000 കോടി രൂപയുടെ നഷ്ടമാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ തന്നത് 600 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്ന് റേഷന്റെ തുക കുറച്ചാല്‍ കേന്ദ്രം തന്നത് 334 കോടി 26 ലക്ഷം രൂപമാത്രമാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണം എന്നാവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 534 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ 2300 കോടി രൂപയും ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ 940 കോടി രൂപയും അനുവദിച്ചു. ഇതില്‍ നിന്ന് മഹാപ്രളയം ഉണ്ടായ നമ്മുടെ സംസ്ഥാനത്തോട് കാണിച്ച അലംഭാവം മനസിലാക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല