സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അതിര്‍ത്തി ഭേദിച്ച് സിഖ് തീര്‍ഥാടക ഇടനാഴി; ഉദ്ഘാടനത്തിനു സിദ്ദുവിനെ ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍. പഞ്ചാബിലെ കര്‍താര്‍പുര്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് സിഖ് തീര്‍ഥാടക ഇടനാഴി തീര്‍ക്കാന്‍ തയാറെടുക്കുകയാണ്. സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി, അതിര്‍ത്തികളില്ലാത്ത ഇടനാഴി എന്ന ആശയമാണ് നടപ്പിലാകാന്‍ പോകുന്നത്.
പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവാണ് വിഷയം വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത അദ്ദേഹം 2 വിവാദങ്ങള്‍ക്കു തിരികൊളുത്തി. പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വായെ ആശ്ലേഷിച്ചതിന്റെ പേരിലായിരുന്നു ആദ്യത്തേത്. പാക്ക് ഭാഗത്തു സിഖ് ഇടനാഴി തീര്‍ക്കാന്‍ തയാറാണെന്നു ജനറല്‍ പറഞ്ഞെന്നു വെളിപ്പെടുത്തിയതിന്റെ പേരില്‍ രണ്ടാമത്തേതും.
പഞ്ചാബ് മുഖ്യമന്ത്രി അമ്‌രീന്ദര്‍ സിങ് സിദ്ദുവിനെ തള്ളിപ്പറഞ്ഞെങ്കിലും അധികം വൈകാതെ സിഖ് ഇടനാഴിക്കു വേണ്ടി പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ഇടനാഴിയുടെ ക്രെഡിറ്റ് പാകിസ്താനു കിട്ടാതിരിക്കുകയെന്ന താല്‍പര്യം കേന്ദ്ര സര്‍ക്കാരിനുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗം ഇടനാഴി നിര്‍മാണം പ്രഖ്യാപിച്ചതങ്ങനെയാണ്. തങ്ങള്‍ക്കു പണ്ടേ സമ്മതമെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.
പാക്ക് ഭാഗത്തെ ഇടനാഴിയുടെ നിര്‍മാണം 28ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിവയ്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 26 നു രാഷ്ട്രപതി റാം നാഥ് കോവിന്ദും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യയും അറിയിക്കുകയായിരുന്നു.
അതിനിടെ കര്‍താര്‍പുര്‍ സാഹിബ് ഇടനാഴിയുടെ ഉദ്ഘാടനത്തിലേക്ക് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ദുവിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം ലഭിച്ചു. നവംബര്‍ 28 ന് നടക്കുന്ന ചടങ്ങിലേക്കാണ് സിദ്ദുവിനെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിര്‍ത്തികള്‍ കടന്നുപോകുന്ന ഇടനാഴിക്ക് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ആരംഭം കുറിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കല്ല് ഇടുന്ന ചടങ്ങാണ് ബുധനാഴ്ച നിര്‍വഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല