1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി. നാസിത്തടവിലെ കൂട്ടനരഹത്യക്ക് ഉത്തരവാദിയായ ഹന്‍സ് എച്ച് കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി കണ്ടെത്തി. 95കാരനായ ഹന്‍സിനുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണത്തിലാണ് ഹന്‍സ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. നാസിയുടെ സൈന്യത്തിലെ ഡെത്ത്‌സ് ഹെഡ് ബറ്റാലിയന്‍ അംഗമായിരുന്നു ഹന്‍സ്. ഓസ്ട്രിയയിലെ മൗതോസന്‍ ക്യാംപില്‍ അരങ്ങേറിയ പീഡനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഹന്‍സിനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

ക്യാംപിന്റെ കാവല്‍ക്കാരനായിരുന്ന ഹന്‍സ് പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കിയതായി കോടതി കണ്ടെത്തി. പല രീതിയിലുള്ള ക്രൂരപീഡനങ്ങള്‍ക്കിരയായാണ് തടവുകാര്‍ മരിച്ചത്. ഗ്യാസ് പ്രയോഗം, വിഷമരുന്ന് കുത്തിവെയ്പ് എന്നിവ കൂടാതെ വെടിയേറ്റും ധാരാളം പേര്‍ കൊല്ലപ്പെട്ടു.

1944 മുതല്‍ 1945 വരെയുള്ള കാലയളവില്‍ നാസി ക്യാംപുകളില്‍ പെട്ട മൗതേസന്‍ ക്യംപിലെ തടവുകാര്‍ അടിമവേല ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ഇക്കാലത്ത് മൗതേസന്‍ ക്യാംപില്‍ 36,223 തടവുകാര്‍ മരിച്ചതായാണ് ഔദ്യോഗികകണക്ക്. ഭൂരിഭാഗം പേര്‍ മരിക്കാനിടയായത് പട്ടിണിയും അതിശൈത്യവും മൂലവുമാണ്.

എല്ലാവിധത്തിലുള്ള കൊലപാതകരീതികളിലും പരിജ്ഞാനമുണ്ടായിരുന്ന ഹന്‍സ് കൂട്ടക്കൊലയ്ക്ക് ആ രീതികള്‍ പരീക്ഷിച്ചിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം പേര്‍ ഈ ക്യാംപില്‍ തടവിലാക്കപ്പെട്ടിരുന്നെങ്കിലും 1945 അമേരിക്കന്‍ സൈന്യം ക്യാംപിലുള്ളവരെ മോചിപ്പിക്കുമ്‌ബോള്‍ തടവുകാരുടെ എണ്ണം പകുതിയില്‍ താഴെയായിരുന്നു.

ഹന്‍സിന് 95 വയസാണ് ഇപ്പോള്‍ പ്രായം. നാസി സേനയിലുണ്ടായിരുന്ന ഓസ്‌കാര്‍ ഗ്രോനിങ്, റെയ്ന്‍ഹോള്‍ഡ് ഹാനിങ് എന്നിവരും കൂട്ടക്കൊലയില്‍ കുറ്റക്കാരെന്ന് ജര്‍മന്‍ കോടതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവരുടെ കുറ്റം തെളിയിക്കപ്പെടുമ്പോള്‍ ഇരുവര്‍ക്കും 94 ആയിരുന്നു പ്രായം. ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പുതന്നെ ഇരുവരും മരിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.