സ്വന്തം ലേഖകന്‍: വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്നമില്ല; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്ന പ്രശ്നമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. കൊളംബോയില്‍ വിദേശ പത്രലേഖകരുമായി സംസാരിക്കവേയാണു സിരിസേന നിലപാടു വ്യക്തമാക്കിയത്.
യുഎന്‍പിക്കു ഭൂരിപക്ഷമുണ്ടെങ്കിലും വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല. അവര്‍ മറ്റൊരാളെ നിര്‍ദേശിക്കട്ടെ. എന്റെ ജീവിതകാലത്ത് ഞാന്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല വികാരഭരിതനായി സിരിസേന തുറന്നടിച്ചു.
വ്യക്തിപരമായ കാരണങ്ങളല്ല, നയപരമായ ഭിന്നതയാണ് തന്റെ തീരുമാനത്തിനു പിന്നിലെന്നും സിരിസേന വ്യക്തമാക്കി. കാബിനറ്റ് നിയമനത്തിലാണ് പ്രധാന ഭിന്നത. അക്കാദമിക തലത്തില്‍ വിദഗ്ധരെ മന്ത്രിസഭയിലെടുക്കണമെന്ന നിര്‍ദേശം വിക്രമസിംഗെ ചെവിക്കൊണ്ടില്ല.
ഉന്നതവിദ്യാഭ്യാസത്തിനും നാഷണല്‍ ഹൈവേയ്ക്കും ഏക മന്ത്രിയെയാണു നിയമിച്ചത്. സിംഗപ്പൂര്‍ പൗരനായ അര്‍ജുന മഹേന്ദ്രന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പദവി നല്‍കരുതെന്ന നിര്‍ദേശത്തിനും വിക്രമസിംഗെ പുല്ലുവിലയാണു നല്‍കിയത്. മഹേന്ദ്ര അഴിമതി നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും സിരിസേന ചൂണ്ടിക്കാട്ടി.
നിയമത്തിനു മുന്നില്‍നിന്ന് ഒളിച്ചോടിയ മഹേന്ദ്ര എവിടെയാണെന്നു വിക്രമസിംഗെയ്ക്ക് അറിയാമെന്നും പ്രസിഡന്റ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല