സ്വന്തം ലേഖകന്‍: അഭയാര്‍ഥി കാരവാന് യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും. മെക്സിക്കന്‍ അതിര്‍ത്തിയില്‍ തന്പടിച്ച അഭയാര്‍ഥികള്‍ നിയമവിരുദ്ധമായി അതിര്‍ത്തികടന്നു യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അഭയാര്‍ഥി സംഘത്തിനു നേര്‍ക്ക് ഞായറാഴ്ച യുഎസ് സൈനികര്‍ കണ്ണീര് വാതകം പ്രയോഗിച്ചു.
കല്ലേറുണ്ടായപ്പോഴാണു കണ്ണീര് വാതകം പ്രയോഗിച്ചതെന്നു യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റ് ജന്‍ നീല്‍സണ്‍ പറഞ്ഞു. 42 പേരെ അറസ്റ്റു ചെയ്തു. ഇതേസമയം ബലമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 500 പേരുടെ സംഘത്തെ തുരത്താനായെന്നു മെക്സിക്കോയും പറഞ്ഞു. 39പേരെ അറസ്റ്റു ചെയ്തെന്നും മെക്സിക്കന്‍ അധികൃതര്‍ പറഞ്ഞു. അക്രമം കാട്ടിയെന്നു വ്യക്തമായവരെ അവരുടെ നാട്ടിലേക്കു മടക്കി അയയ്ക്കും.
മധ്യ അമേരിക്കന്‍ രാജ്യമായ ഹൊണ്ടൂറാസില്‍ നിന്നും സമീപ രാജ്യങ്ങളില്‍നിന്നുമായി അയ്യായിരത്തോളം പേരാണു ദാരിദ്ര്യംമൂലം പൊറുതിമുട്ടി യുഎസില്‍ ചേക്കേറാനെത്തി മെക്സിക്കോയില്‍ തമ്പടിച്ചിട്ടുള്ളത്. യുഎസ്മെക്സിക്കോ അതിര്‍ത്തിയിലെ സാന്‍ യെസ്ട്രോ ചെക്കുപോസ്റ്റ് ഞായറാഴ്ച ഏതാനും മണിക്കൂറുകള്‍ അടച്ചിടേണ്ടിവന്നു.
അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ മെക്സിക്കോ തയാറാവാത്ത പക്ഷം 3200 കിലോമീറ്റര്‍ വരുന്ന യുഎസ്മെക്സിക്കന്‍ അതിര്‍ത്തി പൂര്‍ണമായി അടയ്ക്കുമെന്നു പ്രസിഡന്റ് ട്രംപ് താക്കീതു നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല