സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം: അമേരിക്ക ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് ട്രംപ്; ഭീകരരെ ജയിക്കാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപനം. ‘നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്‌കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ ഒരിക്കലും നാം അനുവദിക്കുകയില്ല,’ ട്രംപ് ട്വീറ്ററില്‍ കുറിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2008 നവംബര്‍ 26നാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയുടെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായത്.
പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയായിരുന്നു ആക്രമണത്തിനു പിന്നില്‍. കടല്‍മാര്‍ഗം നഗരത്തിലെത്തിയ പത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ജീവനോടെ പിടികൂടാനായത് അജ്മല്‍ കസബിനെ മാത്രമായിരുന്നു. ഇയാളെ നവംബര്‍ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.
ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ 6 അമേരിക്കക്കാരുമുണ്ടായിരുന്നു. ഭര്‍ത്താവിനെയും 13 വയസ്സുള്ള മകളെയും നഷ്ടപ്പെട്ട കിയ ഷെര്‍ ട്രംപിനോട് ട്വിറ്ററില്‍ നന്ദി അറിയിച്ചു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അറസ്റ്റിലേക്കോ ശിക്ഷയിലേക്കോ നയിക്കാവുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 35 കോടി രൂപ (50 ലക്ഷം യുഎസ് ഡോളര്‍) പാരിതോഷികം നല്‍കുമെന്നു യുഎസ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല