സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവുയുദ്ധമായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായിട്ട് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്.
പ്രതിഷേധം അതിരുവിട്ടതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം തീരുമാനത്തിലെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്സും വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപക അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുഖംമറച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ ഇരുമ്പുവടികളും കോടാലികളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സെന്‍ട്രല്‍ പാരീസില്‍ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ത്തു.
ഇന്ധന നികുതി വര്‍ധനയ്ക്കെതിരെ നവംബര്‍ പതിനേഴ് മുതലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് തെരുവിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങളില്‍ ഫ്ളൂറസെന്റ് ജാക്കറ്റുകള്‍ പതിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ ഭാവംമാറുകയും അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.
ഇതേത്തുടര്‍ന്ന് നിരവധിപേരെ കഴിഞ്ഞ ദിവസം പാരീസിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ പേര് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് സര്‍ക്കാരിനും പോലീസിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതിനിടെ, പ്രസിഡന്റ് ഇമ്മാനുവന് മാക്രാണ്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല