സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി എതിരാളികളെ കൊന്നൊടുക്കുന്ന വന്യമൃഗമെന്ന് വെളിപ്പെടുത്തല്‍; ജമാല്‍ ഖഷോഗിയുടെ കൊലയില്‍ സല്മാന് രാജകുമാരന് പങ്കുള്ളതായി സൂചന നല്കുന്ന ഖഷോഗിയുടെ സ്വകാര്യ വാട്ട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. സൗദി പത്രപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് വ്യക്തമായ സൂചന നല്കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്സാപ്പ് മെസേജുകള്‍ സി.എന്‍.എന്‍ പുറത്തുവിട്ടു. കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് ഖഷോഗ്ജി അയച്ച നാന്നൂറിലധികം മെസേജുകളാണ് പുറത്തുവന്നിരിക്കുന്നത്.
മെസേജില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വന്യമൃഗമെന്നും തന്റെ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്നവരെ നിഷ്കരുണം വധിക്കുന്നയാളാണെന്നും സൂചിപ്പിക്കുന്നു.ശബ്ദ രേഖകളും വീഡിയോയും ഫോട്ടോയും അടങ്ങുന്ന വാട്ട്സാപ്പ് മെസേജുകള്‍ ഖഷോഗ്ജിയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ ഉമര്‍ അബ്ദുല്‍ അസീസാണ് രേഖകള്‍ സി.എന്‍.എന്നിന് കൈമാറിയത്.
‘അദ്ദേഹം തന്റെ ഇരകളെയെല്ലാം നിഷ്കരുണം നശിപ്പിക്കുന്നു. അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മേയില്‍ ഖഷോഗ്ജി അയച്ച ഒരു മെസേജിലെ പ്രധാന ഭാഗമാണിത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ ദുഷ്പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍ യൂത്ത് മൂവ്മെന്റ് ജമാലിന്റെ പദ്ധതിയിലുണ്ടായിരുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നത് എം.ബി.എസ്. ആണെന്നാണ്,’ അബ്ദുല്‍ അസീസ് സി.എന്‍.എന്നിനോട് പറഞ്ഞു.
പിന്നീട് ഈയൊരു മൂവ്മെന്റുമായി ബന്ധപ്പെട്ട് ഖഷോഗ്ജി തന്നെ ബന്ധപ്പെടുന്നത് ഓഗസ്റ്റിലാണ്. അന്ന് ഖഷോഗ്ജി തന്റെ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ സൗദി ചോര്‍ത്തുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു. അന്നെനിക്ക് അദ്ദേഹം ‘ദൈവം നമ്മളെ രക്ഷിക്കട്ടെ’ എന്ന ഒരു അശുഭ സൂചനയോടെയുള്ള മെസേജ് അയച്ചതായും അബ്ദുല്‍ അസീസ് പറയുന്നു. ആ മെസേജ് വന്ന് രണ്ട് മാസം കഴിഞ്ഞാണ് ഖഷോഗ്ജി കൊല്ലപ്പെടുന്നതെന്നും അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല